ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർ മന്ത്രി ഇപി ജയരാജന്റെ കാർ ഡൽഹിയിൽ തടഞ്ഞു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം. അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ കേരള ഹൗസിന് മുന്നിലെത്തിയ പ്രതിഷേധക്കാരാണ് മന്ത്രി ഇ.പി ജയരാജന്റെ കാര്‍ തടഞ്ഞത്.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം കേരള ഹൗസിലേക്ക് മടങ്ങിയെത്തിയതായിരുന്നു മന്ത്രി. പ്രതിഷേധക്കാർ മന്ത്രിയുടെ കാറിൽ അടിച്ചു. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷം ഉണ്ടായെന്നാണ് വിവരം.
പ്രതിഷേധക്കാരെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് മന്ത്രിയുടെ കാറിന് മുന്നില്‍ നിന്ന് നീക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പടെ ഡൽഹിയിലാണ് ഉളളത്. ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് നിവേദനം നല്‍കാന്‍ കേരള ഹൗസിനകത്തേക്ക് കടക്കാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. പക്ഷെ പ്രതിഷേധക്കാർ സുരക്ഷ ജീവനക്കാരെ മറികടന്ന് മന്ത്രിയുടെ വാഹനം തടയുകയായിരുന്നു.