പമ്പ: ആചാരം ലംഘിച്ചാൽ ശബരിമല നട അടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരരുട പ്രസ്താവനയെ പിന്തുണച്ച് മാളികപ്പുറം മേൽശാന്തി. നട അടച്ചിടാൻ തന്ത്രിക്ക് അവകാശമുണ്ട്. തന്ത്രിയുടെ പ്രസ്താവനയിൽ തെറ്റില്ല. പരികർമ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയിട്ടില്ല. ഇക്കാര്യത്തിൽ ആർക്കെതിരെയും നടപടി എടുക്കാൻ ദേവസ്വം ബോർഡിന് കഴിയില്ല. പ്രതിസന്ധി ഘട്ടത്തിൽ നട അടയ്ക്കുക അല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നും മേൽശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു.

അതിനിടെ, പരികർമ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു. യുവതികൾ കയറിയാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ആചാരം ലംഘിച്ച് സ്ത്രീകളെ പ്രവേശിപ്പിച്ചാൽ നട അടച്ച് താക്കോൽ മാനേജറെ ഏൽപ്പിച്ച് ഇറങ്ങിപ്പോകുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് ഇന്നലെ പറഞ്ഞിരുന്നു. എനിക്ക് കൂടുതലയായ് ഒന്നും ചെയ്യാനാകില്ല. ഞാൻ വിശ്വാസികൾക്ക് ഒപ്പമാണ്, വിശ്വാസികളെ വഞ്ചിച്ചു കൊണ്ട് പൂജ ചെയ്യാനാവില്ല. അതിനാൽ യുവതികൾ പതിനെട്ടാം പടി കയറിയാൽ നട അടച്ചിടുകയല്ലാതെ വേറെ വഴിയില്ലെന്നും തന്ത്രി പ്രതികരിച്ചു.

അതിനിടെ, സന്നിധാനത്ത് ഇന്നലെ പ്രതിഷേധത്തിൽ പങ്കെടുത്ത പരികർമ്മികൾക്ക് ദേവസ്വം ബോർഡ് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത പരികർമ്മികളുടെ പേരും മറ്റു വിവരങ്ങളും നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.