കാസർഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തെ മുന്‍നിര്‍ത്തി എന്‍ഡിഎ നടത്തുന്ന രഥയാത്ര കാസർഗോഡ് ജില്ലയിലെ മധൂരില്‍ സിദ്ധിവിനായ ക്ഷേത്ര പരിസരത്ത് കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി യെഡിയൂരപ്പ ഉദ്ഘാടനം ചെയ്തു. വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയ്യാറാണെന്ന് കെ.സുരേന്ദ്രന്‍ ഉദ്ഘാടന യോഗത്തില്‍ പറഞ്ഞു.

തന്ത്രി കല്‍പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വത്സന്‍ തില്ലങ്കേരി ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോര്‍ഡില്‍ അംഗമായ ശങ്കരദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണെന്നും തങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ശങ്കരദാസ് കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം സിപിഎമ്മിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള സംസാരിച്ചത്.

ഇത് ധര്‍മ്മയുദ്ധമാണെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഈ യുദ്ധത്തില്‍ ഹിന്ദുക്കള്‍ മാത്രമല്ല കേരളത്തിലെ എല്ലാ മതവിശ്വാസികളും ഒപ്പമുണ്ടെന്ന് പി.എസ്.ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു. കാപട്യമേ നിന്‍റെ പേരോ പിണറായി വിജയന്‍ എന്ന് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിക്കാനാഗ്രഹിക്കുന്നെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. രഥയാത്രയോടെ കേരളം ബിജെപിക്ക് വഴങ്ങുന്ന മണ്ണായി മാറും. യുവമോർച്ച യോഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും ഇനിയും പറയുമെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിധിക്ക് ബിജെപി എതിരല്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. ജനങ്ങളുടെ വികാരം മാനിക്കണം. ശബരിമല കലുഷിതമായതിന് കാരണം യുഡിഎഫ്-എൽഡിഎഫ് സർക്കാരുകളാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഒ.രാജഗോപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.