തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ച സമവായ ചർച്ച പരാജയപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട സംഘടനകളും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും പങ്കെടുത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു.

വിധിക്കെതിരെ റിവ്യൂ ഹർജി ഉടൻ നൽകണമെന്ന ആവശ്യമാണ് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ മുന്നോട്ടുവച്ചത്. എന്നാൽ സുപ്രീം കോടതി പൂജ അവധിക്ക് പിരിഞ്ഞിരിക്കുന്നതിനാൽ റിവ്യൂ ഹർജി ഉടൻ നൽകാനാവില്ലെന്നും 19 ന് ചേരുന്ന ബോർഡ് യോഗത്തിൽ ഇതിനെക്കുറിച്ച് തീരുമാനം എടുക്കാമെന്നുമാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. എന്നാൽ ഇത് അംഗീകരിക്കാൻ ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ തയ്യാറായില്ല. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

യോഗത്തിൽനിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോർഡിന്റെ നിലപാട് ദുഃഖകരമാണ്. മറ്റ് സംഘടനകളുമായി ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റിവ്യൂ ഹർജി വേണ്ടെന്ന് വച്ചിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കിയത്. 19 ന് ചേരുന്ന യോഗത്തിൽ നിയമ നടപടികളെക്കുറിച്ച് ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കാമെന്നാണ് പറഞ്ഞത്. എന്നാൽ ഇത് ചർച്ചയ്ക്കെത്തിയവർ അംഗീകരിച്ചില്ല. ചർച്ച മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹം. ദേവസ്വം ബോർഡ് ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോർഡ് രംഗത്തുവന്നത്. തുലാമാസ പൂജകൾക്കായി 17 നാണ് ശബരിമല നട തുറക്കുക. ഇതിനു മുൻപ് പ്രശ്ന പരിഹാരത്തിനാണ് ദേവസ്വം ബോർഡിന്റെ ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.