തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാടാണ് ശരിയെന്ന് സിപിഎം സംസ്ഥാന സമിതി. ശബരിമല വിഷയത്തില്‍ ഈ നിലപാടേ എടുക്കാന്‍ കഴിയൂ. നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍.

അതേസമയം, സംഘടനാ വീഴ്ച സംഭവിച്ചതായും സംസ്ഥാന സമിതിയില്‍ വിലയിരുത്തലുണ്ടായി. മോദി വിരുദ്ധ ക്യാംപെയിന്‍ യുഡിഎഫിന് ഗുണം ചെയ്തു. ഇത് കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്തത് വീഴ്ചയാണെന്നും വിലയിരുത്തി.

Read More: ‘ശബരിമല ഉണ്ട്, ഇല്ല’; വിശ്വാസികള്‍ എതിരായത് തിരിച്ചടിയായെന്ന് സിപിഎം

ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നിട്ടുണ്ട്. നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാന്‍ തീവ്രമായ ശ്രമം ആവശ്യമാണ്. ബിജെപി ഉണ്ടാക്കിയ തെറ്റിദ്ധാരണകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കാന്‍ സാധിക്കാത്തത് രാഷ്ട്രീയ വീഴ്ചയാണ്. ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ നീക്കി മുന്നോട്ട് പോകണമെന്നും സംസ്ഥാന സമിതിയില്‍ വിലയിരുത്തലുണ്ടായി.

ആലത്തൂരിലെ തോല്‍വി കനത്തതാണ്. ഏറ്റവും ശക്തമായ അടിത്തറയുണ്ടായിട്ടും തോല്‍വി വഴങ്ങിയത് ഞെട്ടിക്കുന്ന കാര്യമാണ്. ബിജെപിയുടെ വളര്‍ച്ച ഗൗരവമായി കാണണമെന്നും ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തി.

ഒരു വിഭാഗം വിശ്വാസികള്‍ എതിരായത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എതിര്‍ചേരി തെറ്റിദ്ധാരണ പരത്തിയത് പ്രതിരോധിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Read More: ജിഡിപി നിരക്ക് കുത്തനെ താഴോട്ട്; തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതൽ

പാര്‍ട്ടിയോടൊപ്പം നിന്നിരുന്ന വിഭാഗം എതിര്‍ചേരിയുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇതുമൂലം പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ടുചെയ്ത വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ല. പ്രചാരണ സമയത്ത് വേണ്ട രീതിയില്‍ മനസിലാക്കാനോ, പ്രതിരോധിക്കാനോ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാനായില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന പേടിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ലഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ മേല്‍ സംസ്ഥാന സമിതിയില്‍ ചരച്ച നടക്കും. സംസ്ഥാന സമിതി നാളെയും തുടരും. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞത്. മാത്രമല്ല, നിയമസഭയില്‍ അടക്കം ഇതുമായി ബന്ധപ്പെട്ട പരാമര്‍ശം പിണറായി നടത്തുകയും ചെയ്തു.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി എന്നും നില കൊള്ളുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.