കണ്ണൂര്‍: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന രാഷ്ട്രീയ പ്രചാരണ യാത്രകള്‍ക്ക് ഇന്ന് കാസർഗോഡ് തുടക്കമാകും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായി നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര രാവിലെ മധൂരില്‍ നിന്ന് ആരംഭിക്കും. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര വൈകീട്ട് പെര്‍ളയില്‍ നിന്നാണ് തുടങ്ങുക.

ഇടതു സർക്കാരിന്റേത് ശബരിമല ക്ഷേത്രം തകർക്കാനുള്ള ഗൂഢാലോചനയാണെന്നരോപിച്ചാണ് എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള രഥയാത്ര. കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ യാത്ര ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസർഗോഡ് നഗരത്തില്‍ ഘോഷയാത്രയും വൈകീട്ട് നിലേശ്വരത്ത് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ശബരിമല സംരക്ഷണ രഥയാത്ര നവംബർ 13 ന് സമാപിക്കും.

വര്‍ഗീയതയെ ചെറുക്കുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിലാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര. കെപിസിസി മുന്‍ പ്രസിഡന്റ് എം.എം.ഹസ്സന്‍ യാത്ര ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പെരിയയിലും വൈകിട്ട് തൃക്കരിപ്പൂരിലും യാത്രയ്ക്ക് സ്വീകരണം നല്‍കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ