തിരുവനന്തപുരം: ശബരിമല സമരത്തിന്റേ വേദി മാറ്റിയത് തിരിച്ചടിക്ക് കാരണമാകുമെന്ന് ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനം. സമരത്തില്‍ പാര്‍ട്ടിക്ക് പിന്തുണ ലഭിച്ചപ്പോള്‍ ഇപ്പോഴത്തെ നിലപാട് മാറ്റം രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്നും വിമര്‍ശനം ഉയര്‍ന്നു, സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരൻ പിളളയുടെ നിലപാടിനെതിരെ പാലക്കാട്, തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്മാര്‍ വിമര്‍ശനം ഉന്നയിച്ചു.

ശ്രീധരൻ പിളളയുടെ ‘സുവര്‍ണാവസര’ പ്രസംഗം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയതായി വിമര്‍ശനം ഉയര്‍ന്നു. കെ.സുരേന്ദ്രന്‍ ജയിലില്‍ തുടരുമ്പോള്‍ സമരം മയപ്പെടുത്തിയത് ശരിയായില്ല. തന്ത്രിക്ക് നിയമോപദേശം നല്‍കിയെന്ന് പറഞ്ഞ പിളള ഒരു അഭിഭാഷകനായി പോലും സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങിയില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. വി.മുരളീധരന്റെ പ്രസ്താവന പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന വാര്‍ത്തകളെ ശരിവയ്ക്കുന്നതായി മാറിയെന്ന് പിളള വിഭാഗം വിമര്‍ശനം ഉന്നയിച്ചു.

ശബരിമലയിലെ വിഷയത്തിലെ സമരത്തിൽ നിന്ന് ബിജെപി പിൻവാങ്ങിയതിൽ ആർഎസ്എസ് നേതൃത്വവും അതൃപ്തി അറിയിച്ചിരുന്നു. ശബരിമല സമരത്തിന് തങ്ങള്‍ നൽകിയ നിർദേശങ്ങൾ ബിജെപി നേതാക്കൾ അട്ടിമറിക്കുകയാണ് ചെയ്‌തതെന്നാണ് ആർഎസ്എസ്സിന്റെ പരാതി. ബിജെപി അദ്ധ്യക്ഷന്റെ ഏകപക്ഷീയമായ തീരുമാനമാണ് നടക്കുന്നതെന്നാണ് വി.മുരളീധര വിഭാഗത്തിന്റെ വിമര്‍ശനം. ഒത്തുതീര്‍പ്പിന് ആത്മാഭിമാനമുളള ബിജെപിക്കാര്‍ തയ്യാറാവില്ലെന്ന് മുരളീധരന്‍ പറഞ്ഞതാണ് നേതൃയോഗത്തില്‍ വിമര്‍ശിക്കപ്പെട്ടത്.

മാസപൂജ, ചിത്തിര ആട്ടവിശേഷ സമയത്ത് സമരത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ബിജെപി – ആർഎസ്എസ് നേതൃത്വം കെ.സുരേന്ദ്രന്റെ അറസ്‌റ്റോടെ പിന്നോട്ട് പോയെന്ന് പ്രവർത്തകർക്കിടയിൽ തന്നെ ആക്ഷേപമുണ്ട്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയെ അറസ്‌റ്റ് ചെയ്‌തപ്പോൾ ഹർത്താൽ നടത്തിയ ബിജെപി സുരേന്ദ്രന്റെ അറസ്‌റ്റിൽ കാര്യമായ പ്രതിഷേധം നടത്തിയില്ലെന്ന പരാതി മിക്ക പ്രവർത്തകരും ഉയർത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.