scorecardresearch
Latest News

ശബരിമല: തീർഥാടകരുടെ വൻ തിരക്ക്; നട തുറക്കൽ ഒരു മണിക്കൂർ നേരത്തെയാക്കി

മുൻപ് പുലർച്ചെ നാലിനായിരുന്നു ഭക്തർക്ക് ദർശനത്തിനായ് നട തുറന്നിരുന്നത്

ശബരിമല: തീർഥാടകരുടെ വൻ തിരക്ക്; നട തുറക്കൽ ഒരു മണിക്കൂർ നേരത്തെയാക്കി
മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ശബരിമല ക്ഷേത്ര ശ്രീകോവില്‍ തുറക്കുന്നു

ശബരിമല: തീർഥാടകരുടെ തിരക്ക് പരിഗണിച്ച് തീർഥാടന കാലത്തെ നട തുറക്കൽ ഒരു മണിക്കൂർ നേരത്തെയാക്കി. ഇത്തവണ ദിവസവും പുലർച്ചെ മൂന്നിന് നട തുറന്ന് പൂജകൾ നടക്കും. മുൻപ് പുലർച്ചെ നാലിനായിരുന്നു ഭക്തർക്ക് ദർശനത്തിനായ് നട തുറന്നിരുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം പുലർച്ചെ 5 നായിരുന്നു നട തുറന്നിരുന്നത്.

ശബരിമലയിൽ ഇന്ന്

നട തുറക്കൽ- 3.00
അഭിഷേകം – 3.30 മുതൽ 11.00 വരെ
കലശാഭിഷേകം – 11.30
കളഭാഭിഷേകം – 12.00
ഉച്ചയ്ക്ക് നട അടയ്ക്കൽ- 1.00
വൈകിട്ട് നട തുറക്കൽ – 4.00
പുഷ്പാഭിഷേകം – 7.00
ഹരിവരാസനം – 10.50
നട അടയ്ക്കൽ – 11.00

മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിച്ചു. പുതിയ മേൽശാന്തിമാരായ കണ്ണൂർ മലപ്പട്ടം കിഴുത്രിൽ ഇല്ലത്ത് കെ.ജയരാമൻ നമ്പൂതിരി (ശബരിമല), വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണവും നടന്നു.

നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ 4ന് പുതിയ മേൽശാന്തി നട തുറക്കും. ഡിസംബർ 27 ന് മണ്ഡലപൂജയ്ക്കുശേഷം നട അടച്ചാൽ പിന്നെ മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും.

ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്ന് പറയുന്ന കൈപുസ്തകം പിന്‍വലിക്കുമെന്ന് മന്ത്രി
ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് പറയുന്ന കൈപുസ്തകം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധകൃഷ്ണന്‍. 2018ലെ സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ എല്ലാ തീര്‍ത്ഥാടകര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നു പൊലീസിന് നല്‍കിയ നിര്‍ദേശം വിവാദമായതോടെയാണ് സര്‍ക്കാര്‍ നടപടി.

ശബരിമല യുവതി പ്രവേശനത്തില്‍ നിലവിലുള്ള സ്ഥിതി തുടരും. പൊലീസിന് നല്‍കിയത് പഴയ കൈപുസ്തകമാണ്. അത് പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയിലെ കൈപുസ്തകത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തി. ഒരിക്കല്‍ വിശ്വാസികള്‍ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കില്‍ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓര്‍മിപ്പിക്കുന്നുവെന്നായിരുന്നു സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sabarimala huge rush of pilgrims the opening time change