കൊച്ചി: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്ന് ഹൈക്കോടതി. സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുളള പുനഃപരിശോധന ഹർജികളിൽ വിധി വരുന്നതുവരെ സർക്കാരിന് കാത്തുനിൽക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. റിവ്യൂ ഹർജിയിൽ തീരുമാനം ആകുന്നതുവരെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

സുപ്രീം കോടതിയുടെ ഉത്തരവിൽ ഹൈക്കോടതിക്ക് ഇടപെടാനാവില്ല. റിവ്യൂ ഹർജികളിൽ തീരുമാനം ആകുന്നതുവരെ സർക്കാരിനു കാത്തുനിൽക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ നിലവിൽ കലാപ സാധ്യതയാണ് നിലനിൽക്കുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചപ്പോൾ രക്തച്ചൊരിച്ചിലുകൾ തടയുന്നതിനുവേണ്ടിയാണ് രാജ്യത്ത് നിയമസംവിധാനം ഉളളതെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. ഹർജിക്കാരന് വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

ശബരിമല വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി തളളിയിരുന്നു. ചിത്തിര ആട്ട വിളക്കിനായി ശബരിമല നട ഈ മാസം അഞ്ചിനു തുറക്കുന്നതിനാൽ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന അഖില ഭാരതീയ മലയാളി സംഘിന്റെ ഹർജിയാണ് കോടതി തളളിയത്.

24 മണിക്കൂർ നേരത്തേക്ക് മാത്രമാണ് നട തുറക്കുന്നതെന്നും അതിനാൽ ഹർജികൾ വേഗത്തിൽ പരിഗണിക്കാൻ കഴിയില്ലെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചത്. എല്ലാ ഹർജികളും ഈമാസം 13-നു മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.