കൊച്ചി: ശബരിമലയിൽ പ്രശ്നങ്ങൾ ഒന്നും നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി. സമാധാനപരമായ അന്തരീക്ഷമാണ് നിലവിലുളളത്. ആർക്കും പോയി ദർശനം നടത്താവുന്ന സാഹചര്യമാണ് ശബരിമലയിലുളളതെന്നും ഹൈക്കോടതി വിലയിരുത്തി. ദർശനത്തിന് പോയപ്പോൾ പൊലീസുകാർ തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ വിലയിരുത്തൽ. ഹർജി കോടതി തീർപ്പാക്കുകയും ചെയ്തു.

ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടിയിരുന്നു. പ്രതിഷേധക്കാർ ഏതുസമയത്തും നുഴഞ്ഞുകയറി അക്രമം നടത്താൻ സാധ്യതയുളളതിനാൽ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടത്. എന്നാൽ ഡിസംബർ 12 വരെയാണ് കലക്ടർ നിരോധനാജ്ഞ നീട്ടിയത്. മകരവിളക്കു കഴിയും വരെ ഇതേ നിലയിൽ നിരോധനാജ്ഞ നീട്ടി കൊണ്ടുപോകാനാണു സർക്കാർ നീക്കമെന്നാണ് സൂചന.

അതിനിടെ, ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായി. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാൽ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയാൽ മറ്റൊരു നേതാവ് നിരാഹാര സമരമിരിക്കുമെന്നാണ് ബിജെപി വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.