കൊച്ചി: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ യുവതികളെ ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. ഭരണഘടന അനുസരിച്ച് സുപ്രീം കോടതി വിധി പാലിക്കാൻ എല്ലാ ഭരണഘടന സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ഹർജി അംഗീകരിച്ചാൽ സുപ്രീം കോടതിക്ക് വിരുദ്ധമാകും. ഹർജിക്കാരന് വേണമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. പൊതുപ്രവർത്തകനായ പി.ഡി.ജോസഫാണ് ഹർജി നൽകിയത്.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന ചരിത്രവിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടത്. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുത്. അയ്യപ്പ വിശ്വാസികൾ പ്രത്യേക മതവിഭാഗമല്ല. മതത്തിലെ വിശ്വാസം ശാരീരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല. സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യം. ആർത്തവത്തിന്റെ പേരിൽ പ്രാർത്ഥിക്കാനുളള അവകാശം നിഷേധിക്കരുത് തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.

സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിൽ വൻ പ്രതിഷേധം നടന്നിരുന്നു. തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ സ്ത്രീകൾ മല ചവിട്ടാനെത്തിയതാണ് സംഘർത്തിന് ഇടയാക്കിയത്. നിലയ്ക്കലിലും പമ്പയിലും സംഘർഷങ്ങളുണ്ടായി. മല ചവിട്ടാനായി എത്തിയ സ്ത്രീകൾ പ്രതിഷേധത്തെത്തുടർന്ന് പിൻവാങ്ങിയിരുന്നു.

അതേസമയം, മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കൂടുതൽ സുരക്ഷ ഒരുക്കാനുളള ശ്രമത്തിലാണ് സർക്കാർ. മണ്ഡലകാലത്തും സ്ത്രീകൾ ശബരിമലയിലെത്താനും ഇത് പ്രതിഷേധങ്ങൾക്കിടയാക്കാനും സാധ്യതയുണ്ട്. ഇത് മുന്നിൽക്കണ്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധിച്ച 1407 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനമൊട്ടാകെ നാമജപയാത്ര നടത്തുകയും അക്രമം നടത്തുകയും ചെയ്തവർക്കെതിരെയാണ് കേസെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.