കൊച്ചി: ശബരിമലയിൽ നടന്ന അക്രമ സംഭവങ്ങൾ ന്യായീകരിക്കാനാവാത്തതെന്നും സമരപരിപാടികൾ സുപ്രീം കോടതി വിധിക്കെതിരെയെന്നും ഹൈക്കോടതി. ശബരിമലയിലെ അക്രമത്തിൽ അറസ്റ്റിലായവരുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന് നീരീക്ഷിച്ച കോടതി ജാമ്യ ഹർജി തളളുകയും ചെയ്തു.

തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ജാമ്യഹർജിയാണ് ഹൈക്കോടതി തള്ളിയത്. അക്രമ സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന ഗോവിന്ദ് മധുസൂദനന്‍റെ വാദം കോടതി അംഗീകരിച്ചില്ല. അക്രമത്തിൽ ഗോവിന്ദ് മധുസൂദനൻ പങ്കെടുത്തതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുണ്ടെന്നും നിരീക്ഷിച്ചായിരുന്നു ജാമ്യഹർജി കോടതി തളളിയത്.

നേരത്തെ ശബരിമലയിൽ റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമപ്രവർത്തകരെ അക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും തളളിയിരുന്നു. അഞ്ചുപേരുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്.

ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,500 ലധികം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 500 ലധികം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.