കൊച്ചി: ശബരിമലയിൽ ഹോട്ടൽ ഭക്ഷണത്തിന് ഈ മണ്ഡലക്കാലത്ത് വില കൂട്ടണമെന്ന വ്യാപാരികളുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അടുത്ത സീസണിൽ വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകാമെന്ന് കോടതി വ്യക്തമാക്കി. സന്നിധാനത്തും പമ്പയിലും ഭക്ഷണത്തിന് വില കൂട്ടണമെന്നാവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കോടതിയെ സമീപിച്ചത്.

കടകൾ ലേലത്തിൽ പിടിച്ചപ്പോൾ തന്നെ നിശ്ചിത വിലയ്ക്ക് വിറ്റോളാമെന്ന കരാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യാപാരികൾ സംഘം ചേർന്ന് ലേലത്തിൽ പങ്കെടുക്കാതെ ടെൻഡർ നടപടികൾ വൈകിപ്പിക്കാൻ ശ്രമിച്ചെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു. ഭക്ഷണ സാധനങ്ങൾക്ക് കൂടിയ വില നിശ്ചയിച്ചിരുന്നെങ്കിൽ കൂടുതൽ പേർ ലേലത്തിൽ പങ്കെടുക്കുമായിരുന്നെന്നും ലേലത്തുക കൂടുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

Read Also: ശബരിമല: വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില അറിയാം

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ, സന്നിധാനം ഉള്‍പ്പെടെ ജില്ലയിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് കലക്ടര്‍ പി.ബി.നൂഹ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11 രൂപയും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ 10 രൂപയുമാണ് വില.

കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് ഒന്‍പതു രൂപയും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതര സ്ഥലങ്ങളില്‍ എട്ട് രൂപയുമാണ് വില. ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കാപ്പി/ ബ്രൂ/ നെസ്‌കഫേ 150 മില്ലി ലിറ്ററിന് 15 രൂപയും 200 മില്ലി ലിറ്ററിന് 20 രൂപയുമാണ് എല്ലായിടത്തും നിരക്ക്. ബോണ്‍വിറ്റ/ ഹോര്‍ലിക്സ് 150 മില്ലി ലിറ്ററിന് 20 രൂപ.

ദോശ (ഒരെണ്ണം, ചട്നി, സാമ്പാര്‍ ഉള്‍പ്പടെ) ഇഡ്ഡലി (ഒരെണ്ണം, ചട്നി, സാമ്പാര്‍ ഉള്‍പ്പടെ), പൂരി (ഒരെണ്ണം മസാല ഉള്‍പ്പടെ) എന്നിവയ്ക്ക് ഒന്‍പതു രൂപ നിരക്കില്‍ സന്നിധാനത്തും എട്ടു രൂപ നിരക്കില്‍ പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള ഇതരസ്ഥലങ്ങളിലും ലഭിക്കും.

ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ 10 രൂപയാണ് വില. പാലപ്പം, ഇടിയപ്പം എന്നിവ ഒന്‍പതു രൂപ നിരക്കില്‍ സന്നിധാനത്തും പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെ ഇതരസ്ഥലങ്ങളില്‍ എട്ടു രൂപയ്ക്കും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.