കൊച്ചി: ശബരിമലയിൽ ഹൈക്കോടതി മൂന്ന് നിരീക്ഷകരെ ഏർപ്പെടുത്തി. റിട്ട.ജഡ്ജിമാരായ പി.ആർ.രാമൻ, സിരിജഗൻ, എഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതിയംഗങ്ങൾ. ഈ തീർത്ഥാടന കാലത്തേക്കാണ് നീരീക്ഷകരെ നിയമിച്ചത്. 144 പ്രകാരമുളള നിരോധനാജ്ഞ നിലനിൽക്കുമെന്നും സന്നിധാനത്ത് പ്രതിഷേധങ്ങൾ പാടില്ലെന്നും കോടതി വ്യക്തമാക്കി.

സന്നിധാനത്ത് നാമജപം പാടില്ലെന്ന പൊലീസ് ഉത്തരവ് റദ്ദാക്കി. സ്ത്രീകൾ, കുട്ടികൾ, അംഗവൈകല്യ ബാധിതർ എന്നിവർക്ക് മാത്രം നടപ്പന്തലിൽ വിരിവയ്ക്കാമെന്നും ദർശനത്തിന് എത്തുന്നവരെ ഈ ഭാഗത്ത് ബാരിക്കേഡ് കെട്ടി പ്രത്യേക ക്യൂവായി കടത്തിവിടാമെന്നും കോടതി നിർദേശിച്ചു.

കെഎസ്ആർടിസി ഇടതടവില്ലാതെ സർവ്വീസ് നടത്തണം, വെളളവും ഭക്ഷണവും 24 മണിക്കൂറും ഉറപ്പാക്കണം, ടോയ്‌ലൈറ്റ് സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു.

ശബരിമലയിൽ ഒരു വനിത പൊലീസ് ഓഫിസറെ നിയോഗിക്കുമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. പിന്നീട് അതിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികൾ ശബരിമലയിൽ എത്തിയാൽ അവർക്ക് ദർശനം നടത്താനുളള സൗകര്യം എങ്ങനെയാണ് ഒരുക്കുക എന്നതിനെക്കുറിച്ച് സർക്കാർ റിപ്പോർട്ട് തയ്യാറാക്കണം. അത് മുദ്രവച്ച കവറിൽ അഡ്വക്കേറ്റ് ജനറൽ കോടതിക്ക് മുൻപാകെ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

ശബരിമലയിലെ പൊലീസ് നടപടികളിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. ഹൈക്കോടതി ജഡ്ജിയെ പോലും തടയുന്ന സാഹചര്യമുണ്ടായി. പൊലീസിന് മാന്യമായി പരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി. ഭക്തർക്ക് വേണ്ടിയാവണം പൊലീസ് പ്രവർത്തിക്കേണ്ടത്, അവരെ ബുദ്ധിമുട്ടിക്കാനല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ പൊലീസിൽ വിശ്വാസമുണ്ടെന്നും കോടതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.