മലപ്പുറം: സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ പൊലീസിനെ ആക്രമിച്ച മൂന്ന് പേർ കൂടി അറസ്റ്റിലായി. മലപ്പുറം പൊന്നാനി സ്വദേശികളായ വൈശാഖ്, രഞ്ജിത്ത്, ബിനീഷ് എന്നിവരാണ് പിടിയിലായത്. ഇതോടെ ഹർത്താലിനിടെ എസ് ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചകേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

സംഘർഷത്തിനിടെ എടപ്പാളിൽ നടുറോഡിൽ ഉപേക്ഷിച്ച എട്ട് ബൈക്കുകൾ ഉൾപ്പടെ 32 ബൈക്കുകളാണ് ഉടമസ്ഥരെ കാത്ത് പൊലീസ് കസ്റ്റഡിയിൽ ഉളളത്. 32 ബൈക്കുകളും ഇപ്പോഴും ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിട്ടുളളത്.

ഇതില്‍ പതിനൊന്ന് ബൈക്കുകളുടെ ഉടമസ്ഥര്‍ വിവിധ കേസുകളില്‍ പ്രതികളാണ്. ബാക്കി 13 ബൈക്കുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ബൈക്കുടമസ്ഥർ അക്രമത്തിൽ പങ്കാളികളായിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ് ഉളളത്.

അന്വേഷണം പൂര്‍ത്തിയായാലേ ബൈക്ക് ഉടമസ്ഥർക്ക് കൈമാറൂ എന്ന നിലപാടിലാണ് പൊലീസ്. എടപ്പാളിൽ ബൈക്ക് റാലി നടത്തിയ ഹർത്താൽ അനുകൂലികളെ സിപിഎം പ്രവര്‍ത്തകര്‍ വിരട്ടി ഓടിച്ചതിനിടെ ഉപേക്ഷിക്കപ്പെട്ടതാണ് എട്ട് ബൈക്കുകൾ. വാഹനങ്ങളുടെ ഉടമസ്ഥർ കേസിൽ പ്രതികളാകുമെന്ന ഭയം മൂലമാണ് ബൈക്കുകൾ ഏറ്റെടുക്കാൻ വരാത്തതെന്നാണ് സംശയം. ഈ അക്രമത്തിൽ പൊന്നാനി എസ്ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.