തിരുവനന്തപുരം: ഹര്‍ത്താല്‍ സമാധാനപരമായി നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള. കേരളത്തില്‍ ജനരോഷം പ്രകടമാണെന്നും ഭരണകൂടം കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ 1959 ലേതിന് സമാനമായ സാഹചര്യമാണെന്നും ഇത് കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം സ്റ്റാലിന്റെ നാടാവുകയാണെന്നും കപട തന്ത്രങ്ങളിലൂടെ തരം താണ രീതിയിലാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരത്തെ പരിഹസിച്ച കോടിയേരി ബാലകൃഷ്ണനും ശ്രീധരൻ പിള്ള മറുപടി നല്‍കി.

ബിജെപിക്കാര്‍ കോടിയേരിയുടെ വാക്കു കേള്‍ക്കേണ്ടവരല്ലെന്നും കോടിയേരി അയാളുടെ തറവാട്ടില്‍ പോയി പറയുകയാണ് വേണ്ടതെന്നുമായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞത്. നിരാഹാരമിരിക്കുന്ന ശിവരാജന്‍ ജനപ്രതിനിധിയാണെന്നും അദ്ദേഹത്തെ കോടിയേരി അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വ്യാപക അക്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിയുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ആക്രമിച്ച് തകര്‍ത്തു. കോഴിക്കോട് വിവിധ ഭാഗങ്ങളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമണം അഴിച്ചു വിട്ടത്. കൊയിലാണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡില്‍ ടയറിന് തീയിട്ടാണ് അക്രമികള്‍ റോഡ് തടയുന്നത്.

രാത്രി പലയിടത്തും റോഡ് ഉപരോധിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമണങ്ങളെ തുടര്‍ന്ന് സർവ്വീസ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് ആകെ അറുപതോളം ബസുകള്‍ ആക്രമിക്കപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ