/indian-express-malayalam/media/media_files/2026/01/09/kandararu-rajeevaru-unnikrishnan-2026-01-09-20-45-46.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: അയ്യപ്പഭക്തരെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്തത്. നീണ്ട രഹസ്യാന്വേഷണത്തിനും കൃത്യമായ തെളിവുശേഖരണത്തിനും പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചയോടെ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തിൽ ഉണ്ടായ അറസ്റ്റ് സംസ്ഥാനത്ത് വലിയ പ്രതികരണങ്ങൾക്കാണ് തിരികൊളുത്തിയത്.
സ്വർണ്ണക്കൊള്ളയുടെ പിന്നാമ്പുറം
1999-ൽ പ്രമുഖ വ്യവസായി വിജയ് മല്യ ശബരിമലയിലേക്ക് സമർപ്പിച്ച സ്വർണ്ണം പൂശിയ ചെമ്പ് പാളികളാണ് മോഷണം പോയതെന്നാണ് കണ്ടെത്തൽ. 2019-ൽ ഈ പാളികൾ വീണ്ടും സ്വർണ്ണം പൂശുന്നതിനായി സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോയപ്പോഴാണ്, ആസൂത്രിതമായ രീതിയിൽ സ്വർണ്ണം കടത്തിയതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
Also Read: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക നീക്കം ; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
ശ്രീകോവിലിന്റെ ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പാളികൾ, വാതിലുകൾ എന്നിവയിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം ഘട്ടംഘട്ടമായി മാറ്റിയെടുത്തതെന്നാണ് കണ്ടെത്തൽ. ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടലോടെയാണ് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അതിനുശേഷമാണ് കേസിൽ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടായത്.
അറസ്റ്റുകളുടെ ഞെട്ടിക്കുന്ന നാൾവഴി
ഉന്നത ഉദ്യോഗസ്ഥരും ഭരണതലവന്മാരും ഉൾപ്പെടുന്ന വലിയ ശൃംഖല തന്നെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിലുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും വ്യക്തമാകുന്നത്.
- ഒക്ടോബർ 17: കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായി
- ഒക്ടോബർ 23: ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു പിടിയിൽ
- നവംബർ 1: മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ അറസ്റ്റിലായി
- നവംബർ 6: മുൻ തിരുവാഭരണം കമ്മീഷണർ കെ. എസ്. ബൈജു അറസ്റ്റിലായി
- നവംബർ 11: ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസു അറസ്റ്റിലായി
- നവംബർ 20: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിലായി
- ഡിസംബർ 17: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ അറസ്റ്റിലായി
- ഡിസംബർ 19: സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവർ അറസ്റ്റിലായി
- ജനുവരി 09: ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും അറസ്റ്റിലായി
Also Read:ശബരിമല സ്വർണക്കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്, പങ്കില്ലെന്ന് അന്വേഷണ സംഘം
വരും ദിവസങ്ങൾ നിർണ്ണായകം
തന്ത്രിയുടെ അറസ്റ്റോടെ കേസ് അവസാനിക്കുന്നില്ല. ദേവസ്വം ബോർഡിലെ കൂടുതൽ ഉന്നതർ, ഇടനിലക്കാർ, ചില രാഷ്ട്രീയ ബന്ധങ്ങൾ എന്നിവയിലേക്കും അന്വേഷണം നീളാനാണ് സാധ്യത. സ്വർണ്ണം എവിടെയാണ് വിറ്റഴിച്ചതെന്നും, കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആത്മീയതയുടെ പ്രതീകമായ ശബരിമലയിൽ നടന്ന ‘അശുദ്ധി’യുടെ പൂർണ്ണരൂപം വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടവും പൊതുസമൂഹം ഉറ്റുനോക്കുന്ന സാഹചര്യത്തിൽ, കേസിന്റെ അന്തിമഫലം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിൽ തന്നെ നിർണ്ണായക അധ്യായമാകുമെന്നാണ് വിലയിരുത്തൽ.
Read More: ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്കെന്ന് അന്വേഷൻ സംഘം ഹൈക്കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us