/indian-express-malayalam/media/media_files/2025/11/12/a-padmakumar-2025-11-12-08-06-37.jpg)
എ. പത്മകുമാർ
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിന് പദ്മകുമാര്‍ സാവകാശം തേടിയിരുന്നു. എ. പദ്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവില്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍. വാസുവിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
എൻ. വാസുവിന്‍റെ അറസ്റ്റിനു പിന്നാലെയാണ് അന്വേഷണം പത്മകുമാറിലേക്ക് എത്തിയത്. പദ്മകുമാറിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, സ്വർണക്കൊളള വിവാദത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും.
Also Read: ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
കേസിൽ, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി വെള്ളിയാഴ്ച തടഞ്ഞിരുന്നു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റു തടഞ്ഞിരിക്കുന്നത്. കേസിൽ നാലാം പ്രതിയായ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണക്കവര്‍ച്ചാ കേസിലാണ് പ്രത്യേക അന്വേഷണ സംഘം ജയശ്രീയെ പ്രതിയാക്കിയിട്ടുള്ളത്.
സ്വർണക്കൊള്ളയിൽ കേസെടുക്കാൻ ഇ.ഡി
സ്വര്‍ണക്കവര്‍ച്ചയില്‍ കേസെടുക്കുന്നതിനായി എഫ്ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. എസ്ഐടി റാന്നി കോടതിയിൽ സമർപ്പിച്ച രേഖകളും എഫ്ഐആറിൻ്റെ പകർപ്പും ആവശ്യപ്പെട്ടാണ് ഇ.ഡി ഹർജി സമർപ്പിച്ചത്. റാന്നി കോടതിയിൽ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷ കോടതി നിരസിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.
Also Read: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുക്കാൻ ഇ.ഡി; എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഹർജി
സ്വർണക്കവർച്ചയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം. കവർച്ചക്ക് പിന്നിൽ അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിനു പങ്കുണ്ടോ എന്നു അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശം ഇ.ഡിക്ക് അനുകൂലമാണ്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണക്കും.
Read More: ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' വിവാദം; രണ്ടു സീൻ ഒഴിവാക്കിയാൽ മതിയെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us