/indian-express-malayalam/media/media_files/2025/10/03/unni-jayaram-2025-10-03-11-33-04.jpg)
അടുത്ത ആഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ ജയറാമിന് ഇ.ഡി നോട്ടീസ്. അടുത്ത ആഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന്റെ എസ്ഐടി സംഘവും ജയറാമിൽനിന്ന് മൊഴിയെടുത്തിരുന്നു. ചെന്നൈയിലെ വീട്ടിലെത്തിയാണ് ജയറാമിന്റെ മൊഴിയെടുത്തത്.
സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധത്തിൽ വ്യക്തത വരുത്തുകയാണ് ഇ.ഡി ലക്ഷ്യം. ശബരിമലയിലെ സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ പ്രദർശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്ത ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ചുള്ള പരിചയമാണെന്നും തന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമാണ് ചിത്രങ്ങൾ പുറത്തുവന്നതിനുപിന്നാലെ ജയറാം പ്രതികരിച്ചത്.
ശബരിമലയിലെ സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്കുവച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് പറഞ്ഞ് ധരിപ്പിച്ച് ഉണ്ണിക്കൃഷ്ണൻ പലയിടത്തും കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നു. ഇതിന്റെ പേരിൽ പലരിൽനിന്നും പണവും വാങ്ങിയിരുന്നു.
അതേസമയം, ശബരിമല സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകി. സ്വർണ്ണപ്പാളികളിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് കീഴിലുള്ള നാഷണൽ ലാബിലാകും പരിശോധന നടക്കുക. ഇതിനായി ഈ മാസം 12-ന് ശബരിമലയിൽനിന്ന് 12 സാമ്പിളുകൾ ശേഖരിക്കാൻ കോടതി നിർദേശിച്ചു.
നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടത്തിയ പരിശോധനാ ഫലങ്ങളിൽ ശാസ്ത്രജ്ഞരുടെ മൊഴിയും റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് പുതിയ നിർദേശം. ഏകദേശം രണ്ടര മണിക്കൂർ നീണ്ട അടച്ചിട്ട മുറിയിലെ നടപടികൾക്ക് ശേഷമാണ് ഹൈക്കോടതി നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
Read More: ശബരിമല സ്വർണക്കൊള്ള: കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us