തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് സംഭവിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. 40 കിലോ സ്വർണത്തിന്‍റെയും 100 കിലോ വെള്ളിയുടെയും കുറവുള്ളതായായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്ത. എന്നാൽ ഏതോ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് എ പത്മകുമാർ പ്രതികരിച്ചു.

“ആറ് വർഷം മുമ്പ് റിട്ടയർഡ് ആയ ഉദ്യോഗസ്ഥൻ ചുമതല മാറികൊടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ പെൻഷൻ തടഞ്ഞുവെച്ചു. ഇതിനെതിരെ അതേ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ നടപടി ക്രമങ്ങൾ മാത്രമാണ് നാളെ നടക്കുന്ന പരിശോധന. ഓഡിറ്റ് പുരോഗമിക്കുകയാണ്.” എ പത്മകുമാർ പറഞ്ഞു.

ഇപ്പോൾ ഉയർന്നിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും പത്മകുമാർ പറഞ്ഞു. ഒരു തരി പോലും നഷ്ടമായിട്ടില്ലെന്നും ബോർഡിന് വീഴ്ച പറ്റിയിട്ടില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.

ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തും.

ശബരിമലയില്‍ ഭക്തര്‍ വഴിപാടിലൂടേയും കാണിക്കയിലൂടേയും സമർപ്പിച്ച സ്വര്‍ണം, വെള്ളി എന്നിവയെല്ലാം ക്ഷേത്രത്തിലെ നാല് എ രജിസ്റ്ററില്‍ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ. ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്വര്‍ണം പിന്നീട് സ്‌ട്രോങ് റൂമിലേയ്ക്ക് മാറ്റുമ്പോൾ അതും പ്രത്യേകം രേഖപ്പെടുത്തണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.