/indian-express-malayalam/media/media_files/uploads/2017/02/kerala-high-court_480.jpg)
കൊച്ചി: മണ്ഡല-മകരവിളക്ക് സീസണോടനുബന്ധിച്ച് ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തിയത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ഐജി വിജയ് സാക്കറെ കോടതിയിൽ പറഞ്ഞു. എന്നാൽ മഹാരാഷ്ട്രയിൽ നിന്നുളള ഭക്തർ മടങ്ങിപ്പോയത് മൗലികാവകാശ ലംഘനമല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു.
ശബരിമല നിരോധനാജ്ഞയ്ക്ക് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഇരുവിഭാഗത്തിന്റെയും വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. നിരോധനാജ്ഞയുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് ചോദിച്ച കോടതി, മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടോയെന്നും ചോദിച്ചു. ശരണ മന്ത്രം ഉരുവിടുന്നതിൽ തെറ്റില്ലെന്നും കോടതി പറഞ്ഞു.
ശബരിമലയിലേക്ക് വന്ന മഹാരാഷ്ട്രയിൽ നിന്നുളള 110 അയ്യപ്പ ഭക്തന്മാർ തിരികെ പോയതുമായി ബന്ധപ്പെട്ടാണ് കോടതി ചോദിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ നിയമപരമായാണോ നടപ്പിലാക്കിയതെന്നും കോടതി ചോദിച്ചു.
ശബരിമലയിൽ നിരോധനാജ്ഞ നടത്തിയതുമായി ബന്ധപ്പെട്ട് കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഉച്ചയ്ക്ക് 1.45 ന് ഐജി വിജയ് സാക്കറെ ഡിവിഷൻ ബെഞ്ച് മുൻപാകെ ഈ റിപ്പോർട്ട് സമർപ്പിച്ചു. മണ്ഡലകാലത്ത് സംഘർഷമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ നിരോധനാജ്ഞ നടപ്പിലാക്കിയതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
"ഇനിയും സംഘർഷമുണ്ടാകും എന്ന മുന്നറിയിപ്പിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്. യഥാർത്ഥ വിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്," റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഉദ്യോഗസ്ഥരെയാണോ ശബരിമലയിൽ നിയോഗിച്ചതെന്ന് കോടതി ചോദിച്ചു. ഐജി വിജയ് സാക്കറെയുടെയും എസ്‌പി യതീഷ് ചന്ദ്രയുടെയും നടപടികളെ വിമർശിച്ചാണ് കോടതി വിമർശനം ഉന്നയിച്ചത്.
പബ്ലിക് ഓർഡർ നിലനിർത്താനാണ് 144 പ്രഖ്യാപിക്കുന്നതെന്ന് വാദിച്ച ഹർജിക്കാരൻ, സന്നിധാനത്തടക്കം ക്രമസമാധാന പാലനത്തിന് ആണ് 144 പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി. പക്ഷെ ചില രാഷ്ട്രീയ സർക്കുലറുകൾ കോടതി കാണാനിടയായെന്ന് ഡിവിഷൻ ബെഞ്ചിൽ നിന്ന് മറുപടി ലഭിച്ചു.
"ട്രെയിനിങ് ആവശ്യമെന്നും ആക്രമണത്തിന് ആവശ്യമായ സാധനങ്ങൾ കരുതണമെന്നും സർക്കുലറിൽ പറയുന്നു. എന്താണ് ആ സാധനങ്ങൾ? അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കേണ്ടതല്ലേ?" കോടതി ചോദിച്ചു.
തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ട വിശേഷത്തിനിടയിലും ശബരിമലയിൽ സംഘർഷമുണ്ടായതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം. മണ്ഡലകാലത്തും സംഘർഷങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും ഐജി വിശദീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us