ശബരിമല: ശബരിമല സന്നിധാനത്തെ സ്വർണ്ണകൊടിമരത്തിൽ മെർക്കുറി ഒഴിച്ചതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോോചനയോ അട്ടിമറിയോ ഇല്ലെന്ന നിഗമനത്തിൽ കേരള പൊലീസ്. കേസിൽ പിടിയിലായവരെ ആദ്യ ഘട്ടം ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.

ക്ഷേത്രങ്ങളിൽ കൊടിമരം സ്ഥാപിക്കുമ്പോള്‍ മെര്‍ക്കുറി ഒഴിക്കുന്നത് ആന്ധ്രാപ്രദേശിൽഹൈന്ദവ വിശ്വാസ ആചാരമാണെന്നാണ് ഇക്കാര്യത്തിൽ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കൊടിമരം സ്ഥാപിക്കുമ്പോള്‍ ആചാരത്തിന്റെ ഭാഗമായി മെര്‍ക്കുറിയും നവധാന്യവും ഇടാറുണ്ടെന്നാണ് കേസിൽ പിടിയിലായ ആന്ധ്ര സ്വദേശികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ആന്ധ്രാ സ്വദേശികൾക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് കേരള പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കുക, മതവിശ്വാസം വ്രണപ്പെടുത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം സ്വർണ്ണക്കൊടിമരത്തിന് കേടുപാട് വരുത്തിയ സംഭവത്തിൽ ഭീകര ഇടപെടലുണ്ടോയെന്ന് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്. രഹസ്യന്വേഷണ വിഭാഗമായ റോയും ഇന്റലിജൻസും പ്രതികളിൽ നിന്ന് വിവരശേഖരണം നടത്തും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേരള പൊലീസിനോട് രണ്ട് ഏജൻസികളും ആവശ്യപ്പെട്ടിട്ടുണ്ട്.

പുനഃപ്രതിഷ്ഠ നടത്തിയ ധ്വജത്തിൽ ഇന്നലെയാണ് ആന്ധ്ര സ്വദേശികൾ രാസദ്രാവകം ഒഴിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 5 വിജയവാഡ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പമ്പ പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ ഉള്ള പ്രതികളെ പത്തനംതിട്ട​ എസ്.പി ഓഫിസിലേക്ക് മാറ്റി. പിന്നീട് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ