ശബരിമലയിലെ കൊടിമരത്തിന് കേട് വരുത്തി, അഞ്ച് ആന്ധ്ര സ്വദേശികൾ കസ്റ്റഡിയിൽ

സംഭവം ആരോ മനപ്പൂർവ്വം ചെയ്ത ചതിയാണ് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കൊടിമരത്തിന് കേടുപാട് വരുത്തി. ശബരിമലയിൽ ഇന്ന് രാവിലെയാണ് പുതിയ ധ്വജ പ്രതിഷ്ഠ നടന്നത്. 3 കോടി രൂപ മുടക്കി നിർമ്മിച്ച സ്വർണ്ണ കൊടിമരത്തിന് മുകളിൽ മെർക്കുറി എറിഞ്ഞാണ് കേടുപാട് വരുത്തിയത്. മെർക്കുറി എറിഞ്ഞതിനെ തുടർന്ന് കൊടിമരത്തിലെ സ്വർണ്ണം ദ്രവിച്ച നിലയിലാണ്.

അഞ്ച് പേരടങ്ങുന്ന സംഘമാണ് കൊടിമരത്തിന് മുകളിൽ മെർക്കുറി ഒഴിച്ചത് എന്ന് സൂചന ലഭിച്ചു. സംശയമുള്ള അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പമ്പ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വിജയവാഡ  സ്വദേശികളാണ് അറസ്റ്റിലായത്. കൊടിമരത്തിൽ ദ്രാവകമൊഴിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്‍റെ ഭാഗമായാണെന്നുമാണ് മൊഴി. ഇവർ കൊടിമരത്തിന് ചുവട്ടിൽ മെർക്കുറി ഒഴിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവം ആരോ മനഃപ്പൂർവ്വം ചെയ്ത ചതിയാണ് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ദേവസ്വം ഡിജിപിക്ക് പരാതി നൽകി. നിർഭാഗ്യകരമായ സംഭവമാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

ശബരിമലയിലെ പുതിയ സ്വർണ കൊടിമരത്തിന്റെ പഞ്ചവർഗത്തറയിൽ മെർക്കുറിയോ സമാനമായ രാസപദാർത്ഥമോ ഒഴിച്ച് കേട് വരുത്തിയത് ദുരൂഹമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം പിടികൂടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉച്ചപൂജ സമയത്താണ് സംഭവമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതീവ ഗുരുതരമായ കുറ്റകൃത്യം നടത്തിയവരുടെ ലക്ഷ്യമടക്കം അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതുണ്ട്. സന്നിധാനത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കും എന്നും മന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sabarimala flag staff demolished

Next Story
സർക്കാർ ഡോക്ടർമാർക്ക് കർശന നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രിMinister KK Shylaja, കെ.കെ.ശൈലജ, മന്ത്രി ശൈലജ, മന്ത്രി ഷൈലജ, kerala Ministry, Health Minister, Thiruvananthapuram General Hospital
The moderation of comments is automated and not cleared manually by malayalam.indianexpress.com