തിരുവനന്തപുരം: ശബരിമലയിൽ ഇന്നു സ്ഥാപിച്ച സ്വർണ്ണകൊടിമരം നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഉന്നത പോലീസ് ഉദ്യഗസ്ഥരും ഫോറൻസിക്ക് വിദഗ്ദ്ധരും സന്നിധാനത്ത് എത്തിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിൽ ഇന്ന് രാവിലെയാണ് പുതിയ ധ്വജ പ്രതിഷ്ഠ നടന്നത്. 3 കോടി രൂപ മുടക്കി നിർമ്മിച്ച സ്വർണ്ണ കൊടിമരത്തിന് മുകളിൽ മെർക്കുറി എറിഞ്ഞാണ് കേടുപാട് വരുത്തിയത്. മെർക്കുറി എറിഞ്ഞതിനെ തുടർന്ന് കൊടിമരത്തിലെ സ്വർണ്ണം ദ്രവിച്ച നിലയിലാണ്.

3 പേരടങ്ങുന്ന സംഘമാണ് കൊടിമരത്തിന് മുകളിൽ മെർക്കുറി ഒഴിച്ചത് എന്ന് സൂചന ലഭിച്ചു. സംശയമുള്ള 3 പെരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പമ്പ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. 65 വയസ്സ് തോന്നിക്കുന്ന ഒരു വ്യക്തിയും മറ്റ് 2 പേരെയുമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
മെർക്കുറി ഒഴിക്കുന്നവരുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവം ആരോ മനഃപ്പൂർവ്വം ചെയ്ത ചതിയാണ് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ദേവസ്വം ഡിജിപിക്ക് പരാതി നൽകി. നിർഭാഗ്യകരമായ സംഭവമാണെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ