പമ്പ: ഭക്തലക്ഷപ്രവാഹം കൊണ്ട് ഭക്തിസാന്ദ്രമായ ശബരിമലയില്‍ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നടതുറക്കും.മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നു. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ് മണ്ഡല പൂജ നടന്നത്. പൂജകള്‍ക്കു ശേഷം രാത്രി 10 മണിക്ക് നട അടയ്ക്കും.
മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി എത്തിച്ച തങ്ക അങ്കിക്ക് സന്നിധാനത്തു ഭക്തിനിര്‍ഭരമായ വരവേല്‍പ്പായിരുന്നു ലഭിച്ചത്. തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബുവും സന്നിധാനത്തെത്തിയിരുന്നു. മണ്ഡലപൂജാ സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍, ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ, എ.ഡി.എം. വിഷ്ണുരാജ്, സന്നിധാനം സ്പെഷല്‍ ഓഫീസര്‍ ആര്. അനന്ദ്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്, ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രഞ്ജിത് കെ. ശേഖര്‍, ഫെസ്റ്റിവല്‍ കണ്ട്രോളര് പ്രേംജി എന്നിവര്‍ മണ്ഡലപൂജാസമയത്ത് ശ്രീകോവിലിനു മുന്നില്‍ സന്നിഹിതരായിരുന്നു.
വൈകുന്നേരത്തെ ദീപാരാധനയിലും അയപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തും കഴിഞ്ഞ് രാത്രി പത്തിന് ഹരിവാരസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവകാലം സമാപിക്കും.
മൂന്ന് ദിവസം കഴിഞ്ഞ് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വൈകുന്നേരം അഞ്ചിന് നട തുറക്കും ഡിസംബർ 31 മുതലായിരിക്കും തീർത്ഥാടകരെ പ്രവേശിപ്പിക്കുക. 2023 ജനുവരി 14-നാണ് മകരവിളക്ക്.
മണ്ഡല മഹോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് സന്നിധാനത്ത് ഭക്തജനത്തിരക്ക് താരതമ്യേന കുറവായിരുന്നു. 41,225 പേർ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ഒരു ലക്ഷത്തിനടുത്തായിരുന്നു.