ന്യൂഡൽഹി: ശബരിമലയിൽ എന്തടിസ്ഥാനത്തിലാണ് ക്ഷേത്ര ഭരണ സമിതി സ്ത്രീകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതെന്ന് സുപ്രീം കോടതി. ശബരിമല പൊതു ക്ഷേത്രമാണെങ്കിൽ എല്ലാവർക്കും ഒരുപോലെ ആരാധന നടത്താൻ കഴിയണം. സ്ത്രീയെന്നോ പുരുഷനെന്നോ അതിൽ വ്യത്യാസം പാടില്ല. അങ്ങനെയല്ലെങ്കിൽ അത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

ആർത്തവമുളള സ്ത്രീകൾക്കാണ് ശബരിമല സന്നിധാനത്ത് നിയന്ത്രണമേർപ്പെടുത്തിയിട്ടുളളതെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. അപ്പോൾ ആർത്തവത്തിന്റെ പ്രായം എങ്ങനെ നിശ്ചയിക്കാനാവും എന്നാണ് കോടതി ചോദിച്ചത്. 10 വയസ്സിനു താഴെയും 50 വയസ്സിനു മുകളിലുളള സ്ത്രീകൾക്കും ആർത്തവം ഉണ്ടാവാം. ആർത്തവും പ്രായവും കൂട്ടിക്കെട്ടിയുളള നിയന്ത്രണം ഭരണഘടനാ വിരുദ്ധമാവില്ലേയെന്നും കോടതി ചോദിച്ചു.

10 മുതൽ 50 വയസ്സുവരെയുളള സ്ത്രീകൾക്കാണ് ശബരിമലയിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുളളത്. ഇത് വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തതയില്ല. ഈ വിജ്ഞാപനം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

ശബരിമലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ശബരിമലയിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. കേസിൽ നാളെയും വാദം തുടരും.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നാണ് വാദം കേൾക്കാൻ തുടങ്ങിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

ശബരിമല ക്ഷേത്ര ആചാരങ്ങൾ ബുദ്ധമത വിശ്വാസത്തിന്‍റെ തുടർച്ചയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആർ.പി.ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാൽ, വാദങ്ങൾ പോരെന്നും വസ്തുതകൾ നിരത്തി അവ തെളിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം. ശാരീരികാവസ്ഥകള്‍ മാത്രം കണക്കിലെടുത്ത് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയുന്നത് വിവേചനമാണോ? മതാചാരം ചൂണ്ടിക്കാട്ടി സ്ത്രീകളുടെ പ്രവേശനം തടയുന്നത് ഭരണഘടനാപരമോ? ലിംഗഭേദത്തിന്റെ പേരിലാണ് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് എങ്കില്‍ അത് ഭരണഘടനാ അനുശാസിക്കുന്ന ലിംഗനീതിയെ ഖണ്ഡിക്കുന്നുണ്ടോ? എന്നീ ചോദ്യങ്ങളാണ് പ്രധാനമായും സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

നേരത്തെ കേസില്‍ വാദം കേള്‍ക്കവേ ‘എങ്ങനെയാണ് ആര്‍ത്തവത്തെ ശുദ്ധിയുമായി’ ബന്ധിപ്പിക്കുന്നത് എന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. പത്ത് മുതല്‍ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ