പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. വേണമെങ്കില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേന്ദ്രത്തില്‍ ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടല്ലോ. സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ല. ഐക്യത്തോടെ മുന്നോട്ട് പോവാനാണ് ആഗ്രഹം. കലക്കവെളളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. മതവും വര്‍ഗീയതയും ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമം,’ അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ രംഗത്ത് വന്ന തന്ത്രി കുടുംബവുമായി സമവായത്തിന് സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. തന്ത്രി കുടുംബത്തെ ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും തിങ്കളാഴ്ച്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കോടതി വിധി നടപ്പാക്കേണ്ട സര്‍ക്കാരിന്റെ സാഹചര്യം ബോധ്യപ്പെടുത്താനാണ് ചര്‍ച്ച. ഇന്ന് നടത്താനിരുന്ന ചര്‍ച്ചയാണ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്.

തന്ത്രി കുടുംബം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ സമവായത്തിന് നീക്കം നടത്തുന്നത്. വിധിയിലെ ആചാരങ്ങളെ ബാധിക്കുന്ന ഭാഗങ്ങള്‍ റദ്ദാക്കണമെന്നാണ് തന്ത്രി കുടുംബത്തിന്റെ ആവശ്യം. വിധിക്കെതിരെ പന്തളം രാജകുടുംബവും തന്ത്രി കുടുംബത്തിനൊപ്പം സംയുക്തമായി പുന:പരിശോധനാഹര്‍ജി നല്‍കുമെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ശുദ്ധമായതൊന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും ശാസ്ത്രീയമായ പൂജകള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ ക്ഷേത്രത്തിന്റെ പരിശുദ്ധി പോകുമെന്നും തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു.

ശബരിമല വിഷയത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പന്തളം കൊട്ടാരം പ്രതിനിധികളുമായി ശബരിമല തന്ത്രി കുടുംബം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്‍ എസ് എസും റിവ്യു ഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹരജി നല്‍കേണ്ടന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു. കോടതി വിധി നടപ്പിലാക്കുമെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിനൊപ്പമാണെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.