പത്തനംതിട്ട: ശബരിമലയ്ക്ക് പോയശേഷം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പന്തളം സ്വദേശി ശിവദാസൻ, അപകടത്തിൽ മരിച്ചതാണെന്ന് കരുതുന്നില്ലെന്ന് ഭാര്യ ലളിത. അതേസമയം പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് മകൻ ശരത് ആരോപിച്ചു.

പത്തനംതിട്ട ളാഹക്ക് സമീപത്തെ കൊക്കയിൽ നിന്നാണ് ശിവദാസന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ വീഴ്ചയിൽ തുടയെല്ല് പൊട്ടി ചോര വാർന്നാണ് ശിവദാസൻ മരിച്ചതെന്ന് കണ്ടെത്തി. ആന്തരികാവയവങ്ങളിലോ, ശരീരത്തിൽ മറ്റെവിടെയെങ്കിലുമോ മർദ്ദനമേറ്റതിന് തെളിവുകൾ ഉണ്ടായിരുന്നില്ല.

പിതാവിനെ കാണാനില്ലെന്ന് താൻ 22-ാം തീയതി തന്നെ പരാതിപ്പെട്ടിരുന്നുവെന്ന് ശിവദാസന്റെ മകൻ ശരത് പറഞ്ഞു. എന്നാൽ പരാതി പൊലീസ് സ്വീകരിച്ചത് 25-ാം തീയതി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ അയൽവാസിയുമായുളള അതിർത്തി തർക്കം പരിഹരിച്ചുവെന്നും അത് മരണത്തിന് പിന്നിലുളള കാരണല്ലെന്നും ലളിത പറഞ്ഞു. ശിവദാസൻ 18 ന് തന്നെയാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചതെന്നും 19 ന് രാവിലെ വിളിച്ചത് ശിവദാസൻ തന്നെയാണെന്നും ലളിത പറഞ്ഞു.

ശിവദാസന്റെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം ഉണ്ടായിരുന്നു. ളാഹയ്ക്കും പ്ലാപ്പിളളിക്കും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് തന്നെ ഇദ്ദേഹം സഞ്ചരിച്ച മോട്ടോർസൈക്കിളും ഉണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook