പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ സാവകാശ ഹർജി നൽകാൻ ദേവസ്വം ബോർഡ് തീരുമാനം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വം ബോർഡ് കോടതിയെ സമീപിക്കുക.

സാധിച്ചാൽ നാളെ സാവകാശ ഹർജി നൽകും. അതിന് സാധിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോടതിയെ സമീപിക്കും. ചന്ദർ ഉദയ് സിങ് എന്ന അഭിഭാഷകൻ മുഖേനയാകും സാവകാശ ഹർജി നൽകുകയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

പമ്പയിൽ ഉണ്ടായിട്ടുളള​ പ്രളയം മൂലമുളള പ്രത്യേക സാഹചര്യം, ശബരിമല വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് കേന്ദ്ര വനംവകുപ്പിന്റെ അടക്കമുളള നിർദേശവും വിധിയും ഉളളത്, ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിനായി കൂടതുൽ വനഭൂമി ലഭ്യമാക്കുന്നതിനുളള ആവശ്യം എന്നിവ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനിച്ചിട്ടുളളത്.

സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ റിവ്യൂ, റിട്ട് പെറ്റീഷനുകൾ സുപ്രീം കോടതി ജനുവരി 22 ന് പരിഗണിക്കും. ഈ പെറ്റീഷനുകൾ തുറന്ന കോടതിയിൽ ​വാദം കേൾക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സാവകാശ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

ആചാരപരമായ ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടില്ല. കടകൾ 24 മണിക്കൂർ തുറന്നിരിക്കുന്നവയാണ്. അപ്പം,​ അരവണ കൗണ്ടർ, നെയ്യഭിഷേകം, റൂമുകളുടെ കാര്യം എന്നിവയിലെല്ലാം തീരുമാനമുണ്ടാകും. പത്ത് മണിക്ക് കടയടക്കാനുളള പൊലീസ് നിർദേശം നടപ്പാക്കാനാവില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook