/indian-express-malayalam/media/media_files/uploads/2018/12/sabarimala-7591.jpeg)
കൊച്ചി: ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.
സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം വഹിക്കാൻ സമിതിയെ നിയോഗിക്കേണ്ടത് ഹൈക്കോടതിയല്ലെന്നാണ് സർക്കാർ വാദം. ഇത്തരത്തിൽ നിരീക്ഷണത്തിന് ഒരു സമിതി ആവശ്യമാണെങ്കിൽ അത് സുപ്രീം കോടതി നിയമിക്കുന്ന നിരീക്ഷക സമിതിയാകണം എന്നും സർക്കാർ സുപ്രീം കോടതിയിൽ പറയും.
ഡിസംബർ നാലിന് ഹൈക്കോടതി നിയോഗിച്ച സമിതി ശബരിമല സന്ദർശിക്കാനിരിക്കെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. ശബരിമലയിലെത്തുന്ന ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടോയെന്നും, ഭക്തർക്ക് പൊലീസ് നടപടി എന്തെങ്കിലും തടസം ഉണ്ടാക്കുന്നുണ്ടോയെന്നുമുളള കാര്യങ്ങളറിയാനുമാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
അതേസമയം നിരോധനാജ്ഞ അടക്കമുളള പൊലീസ് നടപടികൾ സമിതിയുടെ നിരീക്ഷണ പരിധിയിലില്ലെന്നാണ് ഇന്ന് ഉച്ചയ്ക്ക് സമിതി യോഗം ചേർന്ന് തീരുമാനിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗം കഴിഞ്ഞതിന് പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഇന്ന് നടന്ന യോഗത്തിൽ ശബരിമലയിലെ സൗകര്യങ്ങള്‍ പൊതുവില്‍ വിലയിരുത്തിയതായി സമിതിയംഗങ്ങൾ പറഞ്ഞിരുന്നു. ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ്.സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.