ശബരിമല: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് ഉന്നതതല യോഗത്തില്‍ തീരുമാനം. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബി കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീര്‍ഥാടകാരുടെ സുരക്ഷയും സൗകര്യങ്ങളും യോഗം വിലയിരുത്തി.

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ശബരിമല ഡ്യൂട്ടിയില്‍ ഉള്ള വിവിധ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍നടപടികളും യോഗം വിലയിരുത്തി. പുതുതായി ശബരിമല ഡ്യൂട്ടിക്ക് വരുന്ന ജീവനക്കാരുടെ കോവിഡ് പരിശോധന മാനദണ്ഡം നിലവിലുള്ളതുപോലെ തുടരും. പൂര്‍ണമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി ജോലിചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കേണ്ടത് അതത് വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ജീവനക്കാരുടെ ചുമതലയായിരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചതായി സമിതി അറിയിച്ചു.

Read More: ശബരിമലയിൽ കൂടുതല്‍ ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് വഴിയൊരുങ്ങും; തീരുമാനം ഉടനെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പോലീസില്‍ ശബരിമല ഡ്യൂട്ടിക്കെത്തിയ 350 പേരുടെ ഡ്യൂട്ടി തിങ്കളാഴ്ച അവസാനിക്കും. പകരം വരുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ പരിശീലനം നല്‍കും. പമ്പയില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കേന്ദ്രങ്ങളില്‍ കോവിഡ് ബോധവല്‍ക്കരണ നിര്‍ദേശങ്ങളും അണുനശീകരണ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് തീരുമാനമായി. തുടര്‍ച്ചയായി ശബരിമല ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് പമ്പയിലും നിലയ്ക്കലും ലാബുകളില്‍ സൗകര്യമൊരുക്കും. ഓരോ വകുപ്പും കൈമാറുന്ന ജീവനക്കാരുടെ പട്ടിക അനുസരിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തീകരിക്കുമെന്ന് കോവിഡ് പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. പ്രശോഭ് പറഞ്ഞു.

ശബരിമലയിലെ തിങ്കളാഴ്ചത്തെ (30.11.20) ചടങ്ങുകള്‍

 • 5 മണിക്ക്…. നട തുറക്കല്‍
 • 5.05 ന്….. അഭിഷേകം
 • 5.30 ന് …ഗണപതി ഹോമം
 • 7 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം
 • 7.30 ന് ഉഷപൂജ
 • 8 മണി മുതല്‍ ഉദയാസ്തമന പൂജ
 • 11.30 ന് 25 കലശാഭിഷേകം
 • തുടര്‍ന്ന് കളഭാഭിഷേകം
 • 12 ന് ഉച്ചപൂജ
 • 1 മണിക്ക് നട അടയ്ക്കല്‍
 • 4 മണിക്ക് ക്ഷേത്രനട തുറക്കും
 • 6.30 ….ദീപാരാധന
 • 7 മണിക്ക് …..പടിപൂജ
 • 8.30 മണിക്ക് ….അത്താഴപൂജ
 • 8.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 9 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.