പുലാമന്തോൾ: ശബരിമലയിൽ പ്രവേശിച്ചതിന് ഭർത്താവിന്റെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കനകദുർഗ കോടതി അനുമതിയോടെ ഭർത്താവിന്റെ വീട്ടിലെത്തി. എന്നാൽ ഭർത്താവും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് പോയി.

വീട്ടിൽ കയറ്റണമെന്ന് പുലാമന്തോൾ ഗ്രാമന്യായാലയമാണ് ഉത്തരവിട്ടത്. പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്ററില്‍ പൊലീസ് സംരക്ഷണയിലായിരുന്നു കനകദുർഗ്ഗ. കനകദുർഗ എത്തിയതോടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറിയിരിക്കുകയാണിപ്പോൾ.

ശബരിമലയിൽ ദർശനം നടത്തി തിരികെ വീട്ടിലെത്തിയ കനകദുർഗയ്ക്ക് നേരെ ഭർത്താവിന്റെ വീട്ടിൽ വച്ച് നേരത്തെ ആക്രമണം നടന്നിരുന്നു. ഭർത്താവിന്റെ അമ്മ മർദിച്ചുവെന്നാണ് ആരോപണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്ന കനകദുർഗ പിന്നീട് വീട്ടിലേക്ക് പോയപ്പോൾ പ്രവേശിപ്പിക്കില്ലെന്ന് ഭർത്താവ് നിലപാട് എടുക്കുകയായിരുന്നു.

കനകദുർഗയുടെ ഭർത്താവിന്റെ പേരിലുളളതാണ് വീട്. ഈ വീട് തത്കാലം വിൽക്കാൻ പാടില്ലെന്നാണ് ഗ്രാമന്യായാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് കനകദുർഗയുടെ ഭർത്താവ് പറഞ്ഞു.

വനിതാ മതിൽ സംഘടിപ്പിച്ചതിന് പിന്നാലെ ജനുവരി രണ്ടിന് പുലർച്ചെയാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമലയിലെത്തിയ ഇവർക്ക് ദർശനം നടത്താൻ സാധിച്ചിരുന്നില്ല. പിന്നീട് അപ്രതീക്ഷിതമായാണ് ജനുവരി രണ്ടിന് ഇരുവരും സന്നിധാനത്തെത്തിയത്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയാണ് കനകദുർഗ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.