കൊച്ചി: ശബരിമലയിലേക്ക് സ്ത്രീകളെ പ്രായഭേദമന്യേ പ്രവേശിപ്പിക്കാനുളള സുപ്രീം കോടതി വിധി സർക്കാർ നിലപാടിന് എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി അനുകൂലമായാലും പ്രതികൂലമായാലും നടപ്പിലാക്കുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പു നൽകിയിരുന്നു. അതിനാലാണ് റിവ്യു ഹർജി നൽകാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

“ഹിന്ദു ധർമ്മശാസ്ത്രത്തിൽ ആധികാരിക പരിജ്ഞാനമുളള പ്രമുഖ പണ്ഡിതരും, സാമൂഹ്യപരിഷ്കർത്താക്കളും, അഴിമതിക്കാരല്ലാത്തവരെയും ഉൾപ്പെടുത്തിയ ഒരു സമിതിയെ നിയമിച്ച് അവരുടെ നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളും സമർപ്പിക്കണമെന്നാണ് സർക്കാർ സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിച്ച ആവശ്യം. എന്നാൽ കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും നടപ്പിലാക്കുമെന്ന് സർക്കാർ കോടതിക്ക് ഉറപ്പുനൽകിയരുന്നു. അതിനാലാണ് സർക്കാർ റിവ്യു ഹർജി നൽകാത്തത്.” പിണറായി പറഞ്ഞു.

“കോൺഗ്രസ് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുളള പാർട്ടിയാണ്. എന്നാൽ ആ നിലപാട് ഒന്നൊന്നായി കൈവിടുകയും കടുത്ത വർഗ്ഗീയതയുമായി കൈകോർക്കുന്ന നിലപാടാണ് സംസ്ഥാനത്ത് കാണുന്നത്. ആർഎസ്എസും ബിജെപിയുമല്ല, തങ്ങളാണ് വഗ്ഗീയതയുടെ ഒന്നാം സ്ഥാനക്കാർ എന്ന മത്സരമാണ് കോൺഗ്രസ് നടത്തുന്നത്. ഇത് കോൺഗ്രസിന്റെ കാഴ്ചപ്പാടിനും പാരമ്പര്യത്തിനും വിരുദ്ധമായ നിലപാടാണ് ഇപ്പോൾ കൈകൊണ്ടത്.”

“കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന് ഇത് ഭാവിയിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് ചരിത്രം അടയാളപ്പെടുത്തും. ആർഎസ്എസിന്റെ ഔദ്യോഗിക നേതൃത്വം വിധിയെ സ്വാഗതം ചെയ്തു. കേരളത്തിലെ ബിജെപിയും ആദ്യം ഇതേ നിലപാടെടുത്തു. പിന്നീട് നിലപാട് മാറ്റി കലാപവുമായി രംഗത്തിറങ്ങി. മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിനെ അനുകൂലിച്ച ബിജെപി, കേരളത്തിൽ ഇതിനെ എതിർക്കുന്നത് വർഗ്ഗീയ ലക്ഷ്യത്തോടെയാണ്.”

“ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന കേസിൽ സുപ്രീം കോടതി ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. സ്ത്രീപ്രവേശനത്തെ സർക്കാർ എതിർക്കുന്നില്ല. മുൻകാലങ്ങളിൽ സ്ത്രീകൾ പ്രവേശിച്ചിരുന്നുവെന്ന കാര്യത്തെ സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.”

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ ഇടപെടലിന് കാരണം സംസ്ഥാന സർക്കാരല്ല. 1991 ലെ ഹൈക്കോടതി വിധിയിലേക്ക് എത്തിച്ചത്, 1990 ൽ എസ്.മഹേന്ദ്രൻ എന്ന വ്യക്തി ഹൈക്കോടതിയിലെ ജഡ്ജിക്ക് അയച്ച കത്താണ്. അത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ച് കേസെടുക്കുകയും കേരള സർക്കാരിനോട് നിലപാട് തേടുകയുമായിരുന്നു.”

“ഈ കാലത്ത് മണ്ഡല-മകരവിളക്ക് കാലത്തും, വിഷുക്കാലത്തുമാണ് ശബരിമലയിലേക്ക് സ്ത്രീപ്രവേശനം വിലക്കിയത്. ഓരോ വർഷവും ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് വിജ്ഞാപനം ഇറക്കാറുണ്ടായിരുന്നുവെന്ന് ബോർഡ് തന്നെ കോടതിയിൽ വിശദീകരിച്ചിട്ടുണ്ട്. പ്രതിമാസ പൂജയ്ക്ക് ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായല്ലെന്ന് ഈ വാദത്തിൽ വ്യക്തമാക്കുന്നു.”

“പത്തിനും 50 നും ഇടയിൽ പ്രായമായ സ്ത്രീകളെ വിലക്കുന്നത് കാലാകാലങ്ങളായ ആചാരമാണെന്നും സ്ത്രീകളെ വിലക്കണമെന്നും കോടതി 1991ഏപ്രിൽ അഞ്ചിലെ വിധിയിൽ പറയുന്നു. അത് നടപ്പിലാക്കുകയാണ് അന്നത്തെ ഇ.കെ.നായനാർ സർക്കാർ ചെയ്തത്. അതിനെതിരെ സർക്കാർ അപ്പീൽ പോയിരുന്നില്ല.”

“സംസ്ഥാന സർക്കാർ സ്ത്രീകൾക്കെതിരെയോ മറ്റേതെങ്കിലും വിഭാഗത്തിന് എതിരെയോ വിവേചനത്തെ എതിർക്കുന്നു. സ്ത്രീസുരക്ഷ സംബന്ധിച്ച ഭയം സർക്കാരിനില്ലെന്ന് വ്യക്തമാക്കി. എല്ലാ മലയാള മാസത്തിലും ആദ്യത്തെ അഞ്ച് ദിവസം പൂജ നടത്തുന്നത് ശബരിമലയിലെ തിരക്ക് കുറയ്ക്കാനാണ്. ഈ വിഷയത്തിൽ സർക്കാരിന് വിവാദമുണ്ടാക്കാൻ താത്പര്യമില്ലെന്നും ഈ നിലപാട് കോടതി സർക്കാരിന്റെ അഭിപ്രായം തേടിയത് കൊണ്ട് പറയുന്നതാണെന്നും സുപ്രീം കോടതിയിൽ പറഞ്ഞിട്ടുളളതാണ്.” ആർക്കെങ്കിലും റിവ്യു ഹർജി നൽകുന്നെങ്കിൽ അവർക്കതിന് പോകാമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.