ശബരിമല നട തുറക്കുന്നതിന് മുമ്പ് തന്നെ അവിടം കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള ഗൂഢമായ പദ്ധതി തന്നെ സംഘപരിവാർ തയ്യാറാക്കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിൽ സർക്കാരോ പൊലീസോ ഒരു വിശ്വാസിയെയും തടയുകയോ എതിർക്കുകയോ ചെയ്തട്ടില്ല.
സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. കോടതി വിധി നടപ്പിലാക്കുമ്പോൾ തന്നെ വിശ്വാസത്തെ ബഹുമാനിക്കുക എന്ന നിലപാടും സർക്കാരിനുണ്ട്. ശബരിമല ഒരു ആരാധന കേന്ദ്രമാണ് എന്നാൽ ശബരിമലയെ സംഘർഷഭൂമിയാക്കൽ സർക്കാരിന്റെ ഉദ്ദേശ്യമല്ല. അവിടെ സുപ്രീം കോടതി വിധിയനുസരിച്ച് എല്ലാ വിശ്വാസികൾക്കും ആരാധന നടത്താനുള്ള അവകാശമുണ്ട്, സമാധാനപരമായി ഇതിനുള്ള സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്തത്, മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധത്തിന്റെ പേരിൽ പന്തലുകെട്ടി സമരം ചെയ്യുന്നതിനെ പോലും സർക്കാർ എതിർത്തിരുന്നില്ല. എന്നാൽ പ്രതിഷേധം മാറി പരിശോധനയായി. ഇവരുടെ പരിശോധന മറികടന്നതിന് ശേഷമെ ശബരിമലയിൽ എത്താൻ സാധിക്കൂ എന്ന അവസ്ഥയായി. യുവതികൾ ഉൾപ്പടെ കുറേ ഭക്തർക്ക് നേരെ ആക്രമണവും ഉണ്ടായി. യുവതികൾക്കും ഭക്തർക്കും പുറമെ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി. തങ്ങൾ പറയുന്നത് പോലെയല്ല മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ അക്രമിക്കും എന്ന നിലപാടും പരസ്യമായി സ്വീകരിച്ചു.
ശബരിമലയിൽ ദർശനത്തിനെത്തിയവർക്ക് നേരെ കല്ലെറും മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്നു. അവരുടെ വീടുകൾക്ക് നേരെയും ഇതേസമയം അക്രമണം ഉണ്ടായി. സ്ത്രികളെ തടഞ്ഞത് ഭക്തരല്ല, അത് സംഘപരിവർ ഗൂഢപദ്ധതി തയ്യാറാക്കിയതിന്റെ അടിസ്ഥാത്തിലാണ്.
ഇതൊക്കെ ആസൂത്രിതമായ നീക്കം ഉണ്ടായതിന് തെളിവാണ് ചില ഓഡിയോ സന്ദേശങ്ങൾ ഇപ്പോൾ ശ്രദ്ധയിൽ പെട്ടത്. ഭക്തിയുടെ പേരിൽ അക്രമികളെ സംഘടിപ്പിച്ച് സംഘപരിവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ അക്രമികളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ല. ശബരിമലയിൽ കേന്ദ്രികരിക്കാൻ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ അവിടെ നിന്നും പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവലോകന യോഗത്തിന് വന്ന വനിതകളെ പരിശോധിച്ച ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെ ഇടപെടലും ദേവസ്വം ബോർഡ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആർക്കും ദർശനത്തിനെത്താവുന്ന സ്ഥലമായി ശബരിമലയെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിനെ വർഗ്ഗീയവൽക്കരിക്കാൻ ശ്രമിക്കുന്നു. അയ്യപ്പവിശ്വാസിയായ പൊലീസ് ഉദ്യോഗസ്ഥൻ ശബരിമലയിൽ ദർശനം നടത്തിയത് പോലും ദുർവ്യാഖ്യാനിക്കപ്പെട്ടു. പൊലീസുകാരെ സംഘപരിവാറുകാർ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. പൊലീസിൽ കലാപം ഉണ്ടാക്കാൻ ശ്രമം നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ശബരിമല ദേവസ്വം ബോർഡിന്റെ സ്വത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിൽ മറ്റാർക്കും അവകാശമില്ലെന്നും തെറ്റായ അവകാശം ആരും ഉന്നയിക്കേണ്ടെന്നും മുഖ്യമന്ത്രി.
സുപ്രീം കോടതി വിധി അട്ടിമറിക്കാൻ പരികർമ്മികൾ ശ്രമിച്ചെന്നും തന്ത്രിമാർ ഇതിന് കൂട്ടുനിന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു.