തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പരാജിതന്റെ പരിവേദനമാണെന്ന് ബിജെപി അദ്ധ്യക്ഷൻ പരിഹസിച്ചു.

ശബരിമലയിൽ മുഖ്യമന്ത്രി പിണറായി വിജയന് വിജയിക്കാൻ സാധിക്കില്ലെന്നും ശ്രീധരൻ പിളള വ്യക്തമാക്കി. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകിയ സംഭവത്തിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ബിജെപി അദ്ധ്യക്ഷൻ.

“ശബരിമലയുടെ പിതൃസ്ഥാനം അടിസ്ഥാനപരമായി തന്ത്രിക്കാണ്. എന്നാൽ മുഖ്യമന്ത്രി ഇപ്പോൾ ഇവിടുത്തെ പുതിയ തന്ത്രിയാവാനാണ് ശ്രമിക്കുന്നത്. അത് സാധിക്കില്ലെന്ന കാര്യം മുഖ്യമന്ത്രിയോട് പറയാൻ ഈയവസരത്തിൽ ആഗ്രഹിക്കുന്നു. ശബരിമലയിലെ തന്ത്രി ദേവസ്വം ബോർഡിന്റെയും കേരള സർക്കാരിന്റെയും കീഴുദ്യോഗസ്ഥനല്ല,” ശ്രീധരൻ പിളള പറഞ്ഞു.

“ബി.ജെ.പിക്കെതിരെയോ തനിക്കെതിരെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം. പക്ഷെ ശബരിമല തന്ത്രി സർക്കാരിൽ നിന്ന് ഒരു രൂപ പോലും ശമ്പളമായി കൈപ്പറ്റുന്നില്ല.  അദ്ദേഹത്തിന് ഒരു സര്‍വീസ് റൂളും ബാധകമല്ല. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല,” ശ്രീധരന്‍ പിള്ള വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.