തിരുവനന്തപുരം: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചെമ്പോല യഥാര്‍ഥമാണെന്ന് സര്‍ക്കാര്‍ ഒരുകാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം നിയസമഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, വിവാദത്തില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചു. മോന്‍സന്റെ വീടിനു സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ലോക്നാഥ് ബെഹ്റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനെന്നതില്‍ വ്യക്തതയില്ല. അദ്ദേഹം അവിടെ സന്ദര്‍ശിച്ചശേഷമുള്ള നടപടികളെക്കുറിച്ചാണ് വിശദീകരിച്ചത്. പുരാവസ്തുക്കളില്‍ സംശയം തോന്നിയതോടെയാണ് ഇന്റലിജന്‍സിനോട് അന്വേഷിക്കാന്‍ പറഞ്ഞത്. ഇന്റലിജൻസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു.
പുരാവസ്തുക്കള്‍ക്ക് സംരക്ഷണം നല്‍കിയത് അന്വേഷിക്കും. തെറ്റ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. സെബര്‍ സുരക്ഷ സംബന്ധിച്ച പൊലീസിന്റെ കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്സന് പങ്കെടുത്തതായി അറിവില്ല. സമ്മേളനത്തില്‍ മോന്സന് പങ്കെടുത്തതായി രജിസ്റ്ററില്‍ കാണുന്നില്ല.
Also Read: കനത്ത മഴ തുടരുന്നു; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്
മോന്സന് മാവുങ്കലിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഗൗരവമായി അന്വേഷണം നടത്തുകയാണ്. അന്വേഷണത്തില്‍ ആക്ഷേപകമായ ഒരു കാര്യവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കേസന്വേഷണം നടക്കട്ടെ. ആദ്യമേ ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ നില്‍ക്കണ്ട. രാഷ്ട്രീയ നേതാക്കള്‍ തട്ടിപ്പിനു വിധേയരാണെങ്കില്‍ അവര്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്തും. എന്നാല്‍ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരും.
മോന്‍സന്റെ കൈവശമുള്ളവ പുരാവസ്തുവാണോയെന്ന് അന്വേഷിക്കാന്‍ പൊലീസിനാവില്ല. പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. അതിനുള്ള നടപടികള്‍ തുടങ്ങിയതായും മുഖ്യമന്ത്രി വിശദീകരിച്ചു.