പമ്പ: ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിൽ സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ള യുവതികളെ മല കയറാൻ അനുവദിക്കില്ല. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്ക് നൽകിയത്. ഐജി ദിനേന്ദ്ര കശ്യപ്, ഡിഐജി സേതുരാമൻ, സ്പെഷ്യൽ ഓഫിസർ ജി.ജയദേവൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് നൽകിയത്.
ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ സ്ത്രീകളിൽ കൂടുതലും ആക്ടിവിസ്റ്റുകളാണ്, യഥാർത്ഥ ഭക്തരല്ല. എത്തിയ യുവതികളിൽ പലർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. പലരും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മണ്ഡല-മകരവിളക്ക് അടുക്കുന്നതിനാൽ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് ഉണ്ടാകാൻ പോകുന്നത്. ഈ സമയത്ത് യുവതികൾ എത്തിയാൽ അത് വലിയ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കും.
പ്രശസ്തിക്കുവേണ്ടിയാണ് പല സ്ത്രീകളും വരുന്നത്. ഇത്തരത്തിൽ ആക്ടിവിസ്റ്റുകളോ ക്രിമിനൽ പശ്ചാത്തലമുളള സ്ത്രീകളോ എത്തിയാൽ അവരെ പമ്പയിൽനിന്നോ നിലയ്ക്കലിൽനിന്നോ തിരിച്ച് അയയ്ക്കാൻ അനുമതി നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ശബരിമലയിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് നൽകിയത്.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പോരാടുന്ന മനിതി സംഘടനയിലെ അംഗങ്ങൾ തമിഴ്നാട്ടിൽനിന്നും ശബരിമല ദർശനത്തിന് എത്തിയിരുന്നു. പ്രതിഷേധം മൂലം ഇവർക്ക് മല ചവിട്ടാൻ കഴിയാതെ മടങ്ങേണ്ടി വന്നു. ഇവർക്കു പിന്നാലെയാണ് കോഴിക്കോട്, മലപ്പുറം സ്വദേശിനികളായ ബിന്ദു, കനകദുർഗ എന്നിവർ മല കയറാനെത്തിയത്. ഇവർ മല ചവിട്ടി തുടങ്ങിയെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് തിരിച്ചിറക്കുകയായിരുന്നു.