നിലയ്ക്കൽ: ശബരിമല സന്നിധാനത്തേക്ക് പോകാനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. ഇദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന നാല് പേരെയും പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. ശബരിമല സന്നിധാനത്ത് സംഘർഷത്തിനുളള സാധ്യത കണക്കിലെടുത്താണ് ബിജെപി നേതാവായ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കെ സുരേന്ദ്രനെ ഒരു കാരണവശാലും അകത്തേക്ക് കടത്തിവിടില്ലെന്ന് എസ്‌പി യതീഷ് ചന്ദ്ര അറിയിച്ചു. കെ സുരേന്ദ്രനുമായി ഇദ്ദേഹം ചർച്ച നടത്തി. എന്നാൽ താൻ സന്നിധാനത്തേക്ക് പോകുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുരേന്ദ്രൻ ചെയ്തത്. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കെ സുരേന്ദ്രനെ എസ്‌പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം നിലയ്ക്കലിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കുന്നു

“സ്വാമിയെ കണ്ടിട്ട് വരണമെന്നാണ് ആഗ്രഹിക്കുന്നത്. സർക്കാർ സഹായിക്കണം, സഹകരിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കരുത്.” അറസ്റ്റിലാകുന്നതിന് മുൻപ് കെ സുരേന്ദ്രൻ പറഞ്ഞു.

സന്നിധാനത്ത് യാതൊരു അസ്വാഭാവിക സാഹചര്യവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാർ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

“അയ്യപ്പന് മുന്നിൽ യാതൊരു രാഷ്ട്രീയവുമില്ല. നാളെ രാവിലെ ഗണപതി ഹോമം ബുക്ക് ചെയ്തിട്ടുണ്ട്. കുഴപ്പങ്ങൾ ഉണ്ടാക്കാനല്ല വന്നത്. ശബരിമലയിൽ പൊലീസിന്റെ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.