എരുമേലി: ശബരിമലയിലേക്ക് വന്ന അയ്യപ്പ ഭക്തൻ എരുമേലി മണിമലയാറ്റിൽ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുറുവാമൂഴി പാലത്തിന് സമീപം കടമ്പനാട്ട് കയത്തിലാണ് അപകടം. ഊട്ടി നീലഗിരി സ്വദേശിയായ ശശികുമാർ (25) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടം നടന്നത്. ഭക്ഷണം കഴിക്കാനാണ് ആറ്റിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയത്. ഒപ്പമുണ്ടായിരുന്നവർ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ശശികുമാർ അടക്കമുളള ചിലർ ആറ്റിൽ കുളിക്കാനിറങ്ങി. ഈ സമയത്താണ് അപകടം നടന്നത്. കയത്തിലകപ്പെട്ട ശശികുമാർ മുങ്ങിത്താഴ്ന്നു.
കൂടെയുണ്ടായിരുന്ന തീർത്ഥാടകർ നിലവിളിക്കുന്നത് കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും ആർക്കും ശശികുമാറിനെ രക്ഷിക്കാനായില്ല. ഫയർ ഫോഴ്സെത്തി മൃതദേഹം പിന്നീട് പുറത്തെടുത്തു. കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.