കൊച്ചി: ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ കൂട്ട അറസ്റ്റിനെ വിമർശിച്ച് ഹൈക്കോടതി. സർക്കാർ ഗ്യാലറികൾക്ക് വേണ്ടി കളിക്കരുതെന്ന് കോടതി പറഞ്ഞു. അക്രമങ്ങളിലെ പങ്കാളിത്തം ഉറപ്പായാലേ അറസ്റ്റ് പാടുളളൂ. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരും. ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അറസ്റ്റിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു.
സംസ്ഥാനത്തു നടക്കുന്ന കൂട്ട അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമർപ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാർ, അനോജ് കുമാർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ടു 2,061 പേരെ വിവിധ ജില്ലകളിൽനിന്നായി ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി മാത്രം 700 പേരെയാണ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍, വഴി തടയല്‍, കലാപം ഉണ്ടാക്കാനുളള ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളൊക്കെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരിൽ സ്ത്രീകളുമുണ്ട്. 452 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുളളത്. 1,500 പേരെ ജാമ്യത്തിൽ വിട്ടു. നിരവധി വാഹനങ്ങളും മൊബൈൽ ഫോണുകളും പൊലീസ് ഇവരിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ക്കു പുറമേ, സംസ്ഥാനത്താകെയുണ്ടായ സംഭവങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത് 440 കേസുകള്‍. അയ്യായിരത്തോളം പേരെ പ്രതിയാക്കും. അറസ്റ്റിലായവരില്‍ 132 പേര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത നടപടിക്കു മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നല്‍കിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ട് 210 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ഭൂരിപക്ഷം പേരും പിടിയിലായി. ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെയാണ് അറസ്റ്റ്. പൊലീസ് നടപടി വരും ദിവസങ്ങളില്‍ തുടരുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.