കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വസ്തുവകകള്‍ നശിപ്പിച്ച പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം. പൊലീസ് ആസ്ഥാനത്ത് നിന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പരാതിക്കാരെക്കൊണ്ട് സിവില്‍ കേസ് കൂടി നൽകിപ്പിക്കും. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ സിവില്‍ കേസ് കൂടി വന്നാല്‍ സ്വത്ത് കണ്ടുകെട്ടുന്ന നടപടി ആരംഭിക്കാന്‍ കഴിയും.

പൊതുമുതല്‍ നശീകരണ നിയമപ്രകാരം അറസ്റ്റിലായവര്‍ കുറവാണ്. അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും അതിനാല്‍ തന്നെ ജാമ്യത്തിലിറങ്ങി. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇവ പൊതുമുതല്‍ അല്ലാത്തതിനാല്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനല്ലാതെ പൊതുമുതല്‍ നശീകരണ നിരോധനനിയമം ചുമത്താന്‍ കഴിയില്ല. നിലവില്‍ ഇരുനൂറിലേറെ കേസുകളിലായി ഏകദേശം 4000 പ്രതികളുണ്ട്.

മിഠായിത്തെരുവില്‍ സംഘപരിവാര്‍ സംഘടനകള്‍ അടിച്ച് തകര്‍ത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ പൊലീസ്, അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍ അവരെ പിടികൂടാന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന കാര്യങ്ങളാണ് കടയുടമ പറയുന്നത്. ഹര്‍ത്താല്‍ ദിവസം എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതു കൊണ്ട് മാത്രമാണ് കടകള്‍ തുറന്നതെന്നും ഇവര്‍ പറയുന്നു. അതുകൊണ്ട് സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യാപാരികളുടെ നിലപാട്.

അടിച്ച് തകര്‍ത്ത കടകളെല്ലാം വ്യാപാരികള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്ത് അറ്റകുറ്റപണി നടത്തിയിട്ടുണ്ട്. ഇന്നലെ തഹസില്‍ദാര്‍ കടകളിലെത്തി നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കളക്ടര്‍ അത് സര്‍ക്കാരിന് കൈമാറും. അതിന് ശേഷം നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമതീരുമാനം എടുക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.