നിലയ്ക്കല്‍: ശബരിമലയില്‍ എത്തുന്ന ഭക്തരെ അറസ്റ്റ് ചെയ്തു നീക്കുന്ന പൊലീസ് നടപടി ശരിയല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളം പൊലീസ് ഭരണത്തിനു കീഴിലാണെന്ന പ്രതീതിയാണ് ശബരിമലയില്‍ എത്തുമ്പോള്‍ തോന്നുന്നതെന്നും പൊലീസ് ഭക്തരെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നും പറഞ്ഞ കണ്ണന്താനം, കേരളം സ്റ്റാലിന്റെ സോവിയറ്റ് റഷ്യയല്ലെന്നും കൂട്ടിച്ചേർത്തു. പമ്പയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ ഭക്തന്മാർ തീവ്രവാദികളാണെന്ന നിലയിൽ അവരെ അറസ്റ്റ് ചെയ്യുന്നത് തെറ്റാണ്. സംസ്ഥാന സർക്കാർ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത് ഇങ്ങനെ ആയിരുന്നില്ല. മനുഷ്യന് ദുരിതമുണ്ടാക്കുക എന്നത് മാത്രമാണ് സർക്കാരിന്റേയും ദേവസ്വം ബോർഡിന്റേയും ഉദ്ദേശ്യമെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. ശബരിമലയിൽ നിരോധനാജ്ഞയുടെ ആവശ്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പമ്പയില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പ്രളയത്തില്‍ മുഴുവനായി തകര്‍ന്ന ശബരിമല പരിസര പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനും വികസനത്തിനുമായി കേന്ദ്രം 100 കോടി രൂപ നല്‍കിയിരുന്നുവെന്നും, എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ബിജെപി നേതാവായിട്ടല്ല, കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായാണ് താന്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത സുരക്ഷയിലുള്ള ശബരിമലയില്‍ എത്താന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മന്ത്രിമാരെയും എംഎല്‍എമാരെയും അടക്കം ശബരിമലയില്‍ എത്തിക്കാനാണ് ബിജെപിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ.സുരേന്ദ്രനേയും ശശികലയേയും അറസ്റ്റ് ചെയ്തത് ബിജെപി രാഷ്ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധിക്കുന്നുണ്ട്. ഇതിനിടയിലാണ് കണ്ണന്താനം ശബരിമലയിലെത്തുന്നത്.
കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ശബരിമല സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ നിവേദനസംഘമാണു ജസ്റ്റിസ് പി.സദാശിവം ശബരിമല സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചത്.