scorecardresearch

അയ്യപ്പഭക്തരെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; ബുധനാഴ്ച വൈകീട്ട് നട തുറക്കും

കോവിഡ് അടച്ചിടലിനുശേഷമുള്ള ആദ്യ പൂര്‍ണ സീസണില്‍ മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി പ്രതീക്ഷിക്കുന്നതു 40 ലക്ഷത്തോളം തീര്‍ഥാടകരെ

കോവിഡ് അടച്ചിടലിനുശേഷമുള്ള ആദ്യ പൂര്‍ണ സീസണില്‍ മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി പ്രതീക്ഷിക്കുന്നതു 40 ലക്ഷത്തോളം തീര്‍ഥാടകരെ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sabarimala, Sabarimala pilgrimage 2022, Sabarimala mandalakalam festival 2022, Sabarimala online booking, Sabarimala advisories

ഫയൽ ഫൊട്ടോ

പമ്പ: മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട 16നു വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കും. പതിനെട്ടാം പടിക്കു മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകരും.

Advertisment

ഇതിനു പിന്നാലെ ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി പതിനെട്ട് പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തിത്തുടങ്ങും. ഭക്തര്‍ക്കു തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകളുണ്ടാവില്ല.

നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകള്‍ 16നു വൈകുന്നേരം നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്കു മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. പിന്നീട് തന്ത്രി കണ്ഠര് രാജീവര്, ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി, നട അടച്ച ശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുക്കും. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയെ കലശാഭിഷേകം നടത്തി അവരോധിക്കും.

വൃശ്ചികം ഒന്നായ നവംബര്‍ 17നു പുലര്‍ച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ പൂജാ കര്‍മം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി 16നു രാത്രി പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.

Advertisment

നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും.

പ്രതീക്ഷിക്കുന്നതു 40 ലക്ഷം തീര്‍ഥാടകരെ

കോവിഡ് അടച്ചിടലിനുശേഷമുള്ള ആദ്യ പൂര്‍ണ സീസണില്‍ മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി പ്രതീക്ഷിക്കുന്നതു 40 ലക്ഷത്തോളം തീര്‍ഥാടകരെ. തീര്‍ഥാടകരെ വരവേല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി കെ രാജന്‍ പറഞ്ഞു.

തീര്‍ഥാടനം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കലക്ടറുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. സെന്ററുകളില്‍ ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. തിരക്കുണ്ടാകുന്ന സ്ഥലങ്ങള്‍, അഗ്നിബാധ, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, അപ്പം-അരവണ ലഭ്യമാകുന്ന സ്ഥലം, വെടിവഴിപാടിനുള്ള സ്ഥലം, ഗ്യാസ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയ ഭൂപടം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. മാത്രമല്ല, അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങള്‍ പ്രത്യേകമായി കണ്ടെത്തിയിട്ടുണ്ട്.

അപകടമുണ്ടായാല്‍ ഭക്തരെ സുരക്ഷിതമായി എത്തിക്കാനുള്ള ആറ് സ്ഥലങ്ങളും കണ്ടെത്തി. ഒരു സമയത്ത് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി രണ്ട് ലക്ഷം ഭക്തരെ മാത്രമാണ് അനുവദിക്കുക. അതില്‍ കൂടുതല്‍ ഭക്തരെത്തിയാല്‍ സ്വാമി അയ്യപ്പന്‍ റോഡ് മുതല്‍ സന്നിധാനം വരെ തീര്‍ഥാടകരെ സമയബന്ധിതമായി കയറ്റി വിടുന്നത് പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. ഓരോ മൂന്ന് മണിക്കൂറിലേയും ഇടവേളകളിലായി തീര്‍ഥാടനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കലക്ടറെ അറിയിക്കും.

തീര്‍ഥാടനത്തിനു മുന്നോടിയായി എന്‍ ഡി ആര്‍ എഫ് സംഘം ജില്ലയിലെത്തി ക്യാമ്പ് ചെയ്യുകയും ദുരന്തസാധ്യതകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ ഡി ആര്‍ എഫ് സംഘത്തിന്റെ രണ്ട് ടീം ശബരിമലയില്‍ തീര്‍ഥാടനകാലയളവില്‍ ക്യാമ്പ് ചെയ്യും. കലക്ടര്‍ക്കൊപ്പം ജില്ലയുടെ പുറത്തുനിന്ന് എട്ട് ഡെപ്യുട്ടി കലക്ടര്‍മാര്‍, 13 തഹസിദാര്‍മാര്‍, 500 ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സേവനത്തിനുണ്ടാകും.

സേഫ് ശബരിമലയുടെ ഭാഗമായി അടിയന്തര വൈദ്യസഹായ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഓക്‌സിജന്‍ സിലണ്ടര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞതവണയുണ്ടായ പ്രളയസാധ്യത കൂടി കണക്കിലെടുത്ത് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ദര്‍ശനത്തിനു വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധം

ദര്‍ശനത്തിനു വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ബന്ധമാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍ അറിയിച്ചു. 13 സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഇതിനായി തുറന്നിട്ടുണ്ട്. നിലയ്ക്കല്‍ മാത്രം ബുക്കിങ്ങിനു 10 കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. തീര്‍ത്ഥാടനം സുഗമമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

തീര്‍ഥാടകര്‍ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടനത്തിനു തയാറെടുക്കുന്നവര്‍ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്നു പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍.അനിതകുമാരി അറിയിച്ചു.

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍, ഹൃദ്രോഗം, മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയുള്ളവര്‍ മലകയറ്റം ഒഴിവാക്കണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയരോഗങ്ങളുള്ളവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍, നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച ചികിത്സാരേഖകള്‍ എന്നിവ കരുതണം.

വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്. മലകയറുന്നതിനു കുറഞ്ഞത് രണ്ടാഴ്ച മുന്‍പ് മുതല്‍ ദിവസവും അരമണിക്കൂര്‍ നടത്തം/ജോഗിങ് ശീലമാക്കി ശാരീരികക്ഷമത ഉറപ്പുവരുത്തണം. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം.

പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ യാത്ര ഒഴിവാക്കുക. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തീര്‍ത്ഥാടനത്തിനു മുന്‍പ് തേടണം.

Temple Pilgrimage Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: