തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകർക്കായുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കിലുള്ള ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ചെറുവളളി എസ്റ്റേറ്റിൽ നിർമിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പമ്പയിൽ നിന്ന് 40 കിലോമീറ്റർ അകലം മാത്രമാണ് ചെറുവള്ളി എസ്റ്റേറ്റിലേക്ക് ഉള്ളത്.

നേരത്തെ, സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചത്. ഇവിടെ 2,263 ഏക്കര്‍ ഭൂമിയാണുള്ളത്.

ഹാരിസൺ പ്ലാന്റേഷന്റെ കൈവശമായിരുന്നു ചെറുവള്ളി എസ്റ്റേറ്റ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ബിലീവേഴ്സ് ചർച്ച് ഈ എസ്റ്റേറ്റ് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ചെറുവള്ളി എസ്റ്റേറ്റ് റവന്യു ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഈ​ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.

എന്നാൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി എങ്ങനെ ഏറ്റെടുക്കുന്നത് സംഭവിച്ച് വ്യക്തത വന്നിട്ടില്ല. സ്വകാര്യ വ്യക്തിയിൽ നിന്ന് സ്ഥലം ഏറ്റെടുക്കുമ്പോൾ പണം നൽകുമോ എന്ന് വ്യക്തമല്ല. ഹാരിസൺ ഈ ഭൂമി കൈമാറിയത് നിയമവിരുദ്ധമായാണ് ബിലീവേഴ്സ് ചർച്ചിന് കൈമാറി എന്ന് ചൂണ്ടികാട്ടി സർക്കാർ കേസ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ