തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി വിമാനത്താവളം നിര്‍മ്മിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. തര്‍ക്കത്തില്‍ കിടക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്‌ഷന്‍ 77 അനുസരിച്ചായിരിക്കും നടപടി. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Read Also:ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രധാനമല്ല: കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറിയും പങ്കെടുത്തു. നടപടികള്‍ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസ് ഹെെക്കോടതിയിൽ നിലനിൽക്കുന്നതിനാൽ നഷ്‌ടപരിഹാരത്തുക കോടതിയിൽ കെട്ടി‌വയ്‌ക്കാനാണ് ആലോചന നടക്കുന്നത്.

Read Also: ശബരിമല വിധിയ്ക്കുശേഷം ഭീഷണികളുണ്ടായി, വിധിയില്‍ ഉറച്ചുനില്‍ക്കുന്നു: ജസ്റ്റിസ് ചന്ദ്രചൂഡ്

ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2263 ഏക്കര്‍ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.