/indian-express-malayalam/media/media_files/uploads/2019/01/Sabarimala-1.jpg)
Sabarimala
ന്യൂഡൽഹി: ശബരിമലയിൽ 51 യുവതികൾ കയറിയതായി സംസ്ഥാന സർക്കാർ. ശബരിമലയിൽ എത്തിയ യുവതികളുടെ പട്ടിക സുപ്രീം കോടതിയിൽ സമർപ്പിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ. തമിഴ്നാട്ടിൽനിന്നെത്തിയ 24 പേരാണ് ദർശനം നടത്തിയത്. പട്ടികയിൽ ഉള്ളവരെല്ലാം 40 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.
പേരും ആധാർ കാർഡ് നമ്പറും അടക്കമാണ് സർക്കാർ സുപ്രീം കോടതിയിൽ പട്ടിക നൽകിയത്. കേരളത്തിൽനിന്നുള്ള ആരുടെയും പേര് പട്ടികയിൽ ഇല്ല. അതേസമയം, ഇവർ എങ്ങനെയാണ് ശബരിമലയിൽ ദർശനം നടത്തിയതെന്നും ഇവർക്ക് എങ്ങനെയാണ് സുരക്ഷ ഒരുക്കിയതും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിട്ടില്ല.
യുവതികൾ ശബരിമല കയറിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു. ഓൺലൈൻ ബുക്കിങ് വഴിയാണ് 51 യുവതികൾ എത്തിയത്. 10 നും 50 നും ഇടയിൽ പ്രായമുള്ളവരാണ് ശബരിമല കയറിയത്. 7564 യുവതികളാണ് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ്ഗയും ബിന്ദുവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കുമ്പോഴാണ് ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്നും ഇവർക്ക് സുരക്ഷ നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചത്.
അതിനിടെ, കനകദുർഗ്ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സർക്കാർ അത് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ ദര്‍ശനം നടത്തിയ ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹർജി നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.