പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ ശക്തമായ സുരക്ഷയൊരുക്കാൻ തീരുമാനമായി. സായുധ സേനകളും കമാൻഡോകളും അടക്കം 5,200 പൊലീസുകാരെയാണ് ഒരേസമയം വിന്യസിക്കുക. സന്നിധാനം മുതൽ എരുമേലി വരെയാണ് സുരക്ഷ. സന്നിധാനത്തിന്റെ ചുമതല ഐജി വിജയ് സാഖറെയ്ക്കാണ്. പമ്പയുടെ ചുമതല ഐജി അശോക് യാദവിനാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ രണ്ടു എസ്‌പിമാർ വീതം ഉണ്ടാവും. മരക്കൂട്ടം, എരുമേലി എന്നിവിടങ്ങളിൽ ഓരോ എസ്‌പിമാർക്കാണ് ചുമതല.

എഡിജിപി അനിൽകാന്തിനും ഐജി മനോജ് എബ്രഹാമിനുമാണ് സുരക്ഷയുടെ പൂർണ മേൽനോട്ട ചുമതല. പൊലീസിന്റെയും മറ്റു സുരക്ഷ ക്രമീകരണങ്ങളുടെയും ഏകോപന ചുമതല എഡിജിപി എസ്.ആനന്ദകൃഷ്ണനാണ്. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോൾ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഐജിമാരെയും എസ്‌പിമാരെയും മാറ്റിയിട്ടുണ്ട്. ശബരിമലയിൽ അന്നേ ദിവസം ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന.

ചിത്തിര ആട്ടവിശേഷ സമയത്ത് അമ്പത് വയസ് കഴിഞ്ഞ വനിത പൊലീസുകാരെ സന്നിധാനത്ത് വിന്യസിച്ചിരുന്നു. മണ്ഡല-മകരവിളക്ക് കാലത്തും വനിത പൊലീസുകാരെ വിന്യസിക്കും. ആയിരത്തിലധികം വനിതാ പൊലീസുകാരെ നിയോഗിക്കുമെന്നാണ് വിവരം. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നട തുറക്കുന്ന വെളളിയാഴ്ച രാവിലെ 11 മണിക്ക് മാത്രമേ നിലയ്ക്കലിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ മാത്രമേ തീർത്ഥാടകരെ കെഎസ്ആർടിസി ബസ്സുകളിൽ പമ്പയിലേക്ക് പോകാൻ അനുവദിക്കൂവെന്നും ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന ചരിത്രപരമായ സുപ്രീം കോടതി വിധിക്കുശേഷം രണ്ടു തവണയാണ് ശബരിമല നട തുറന്നത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷ പൂജയ്ക്കുമായി രണ്ടു തവണ നട തുറന്നപ്പോഴും വലിയ സംഘർഷങ്ങളാണ് ശബരിമലയിൽ​ ഉണ്ടായത്. വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല കയറാനെത്തിയ സ്ത്രീകളെ പ്രതിഷേധക്കാർ തടയുകയും ഇത് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. രണ്ടു തവണയും സംഘർഷങ്ങൾ തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു.

ഇന്നലെ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി പരിഗണിച്ചു. ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാൽ വിധിക്ക് സ്റ്റേ നൽകിയില്ല. ഇതോടെ മണ്ഡല-മകരവിളക്ക് കാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ കയറുന്നതിന് തടസ്സമില്ലെന്നായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സന്നിധാനത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ച് അക്രമ സംഭവങ്ങൾ ഒഴിവാക്കാനുളള സർക്കാർ തീരുമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ