scorecardresearch

കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി സഹകരണ വകുപ്പ്; കുടിശിക നിവാരണം പ്രഖ്യാപിച്ചു

സഹകരണ സംഘം രജിസ്ട്രാര്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കകുളിലും വായ്പ മുടങ്ങിയവര്‍ക്കാണ് ‘നവ കേരളീയം കുടിശിക നിവാരണം – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി’ പ്രഖ്യാപിച്ചത്

minister vn vasavan, cooperative minister vn vasavan, kerala cooperation department, loan arrears in cooperative banks, special scheme for loan arrears settlement cooperative banks, one time settlement for loan arrears cooperative banks, covid 19 loan arrears, indian express malayalam, ie malayalam

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശികയുള്ളവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. സഹകരണ സംഘം രജിസ്ട്രാര്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കകുളിലും വായ്പ മുടങ്ങിയവര്‍ക്കാണ് ‘നവ കേരളീയം കുടിശിക നിവാരണം – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി’ പ്രഖ്യാപിച്ചത്.

പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്‌ക്രിയാസ്തിയും കുടിശികയും കുറച്ചുകൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കും. വായ്പയെടുത്തയാള്‍ മരിച്ചതാണെങ്കില്‍ അവകാശികള്‍ ഇളവ് നല്‍കി കുടിശിക ഒഴിവാക്കാനും അവസരം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കുടിശിക നിവാരണം. 2021 മാര്‍ച്ച് 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് പരിഗണിക്കുക. വിശദമായ മാര്‍ഗരേഖ സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അര്‍ബുദം, പക്ഷാഘാതം, എയ്ഡ്സ്, ലിവര്‍ സിറോസിസ്, ക്ഷയം, ചികത്സിച്ചുമാറ്റാന്‍ കഴിയാത്ത മാനസിക രോഗം എന്നിവ ബാധിച്ചവര്‍ക്കും ഹൃദ്രോഗ ശസ്ത്രിക്രിയയ്ക്കു വിധേയരായവര്‍, ഡയാലിസിസ് ചികിത്സ നടത്തുന്നവര്‍, അപകടത്തെത്തുടര്‍ന്ന് കിടപ്പിലായവര്‍ എന്നിവര്‍ക്കും പരമാവധി ഇളവുകള്‍ നല്‍കും. ഇവരുടെ അവകാശികളുടെ സ്ഥിതി പരിശോധിച്ചായിരിക്കും ഇളവുകള്‍ നിശ്ചയിക്കുക. മാതാപിതാക്കളുടെ പേരിലുള്ള വായ്പകള്‍ക്ക് അവര്‍ മരിച്ചിട്ടുണ്ടെങ്കില്‍ സമാനമായ ഇളവുകള്‍ നല്‍കും.

ഒത്തുതീര്‍പ്പിന് തയാറായാല്‍ എല്ലാ വായ്പകള്‍ക്കും പിഴ പലിശ പൂര്‍ണമായും ഒഴിവാക്കും. കോടതി ചെലവുകള്‍ ഈടാക്കുന്നത് സംബന്ധിച്ച തീരുമാനം അതത് ഭരണസമിതികള്‍ക്ക് തീരുമാനിക്കാം. വായ്പകളെ തുകയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. പരമാവധി 30 ശതമാനം വരെ ഇളവുകള്‍ ലഭിക്കും.

Also Read: ഓണക്കാലത്ത് കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി

2020 ഏപ്രില്‍ ഒന്ന് മുതല്‍ കൃത്യമായി തിരിച്ചടച്ചവര്‍ക്ക നടപ്പ് സാമ്പത്തിക വര്‍ഷം അടച്ച പലിശയില്‍ ഇളവു നല്‍കും. പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലെ ബാങ്കുകളില്‍ നിന്നും 2018 2019 കാലയളവില്‍ എടുത്ത വായ്പകള്‍ക്ക് പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ നടത്തിപ്പിനായി സഹകരണ സംഘം തലം മുതല്‍ ജില്ലാ തലം വരെ ഉദ്യോഗസ്ഥരും ഭാരവാഹികളും ഉള്‍പ്പെട്ട സമിതികള്‍ രൂപീകരിക്കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. അദാലത്തുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഇടപാടുകാരെ അറിയിക്കുകയും അവരുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: S special one time settlement scheme for loan arrears in cooperative banks