തിരുവനന്തപുരം: തിരുവനന്തപുരത്ത് അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ വിളിച്ചപ്പോൾ മുഖ്യമന്ത്രി പോകേണ്ടിയിരുന്നില്ലെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിളള. ഇക്കാര്യത്തിൽ കാനത്തോട് ശക്തമായ വിയോജിപ്പ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് അക്രമങ്ങൾ വ്യാപിച്ചതിനെ തുടർന്നാണ് ഗവർണർ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും രാജ് ഭവനിലേക്ക് വിളിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയെ കുറിച്ച് പിന്നീട് ഗവർണറുടെ ട്വീറ്റാണ് വലിയ വിവാദമായത്.

വിളിച്ചുവരുത്തി എന്ന് അർത്ഥം വരുന്ന സമ്മൺ എന്ന വാക്കാണ് ഗവർണർ ജസ്റ്റിസ് പി.സദാശിവം ട്വീറ്റിൽ കുറിച്ചത്. ഇതോടെയാണ് വിവാദം പുകഞ്ഞത്.

ഇത്തരമൊരു കാര്യം അനുസരിക്കേണ്ട ബാധ്യത സർക്കാരിനോ മുഖ്യമന്ത്രിക്കോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാനം രാജേന്ദ്രൻ തന്റെ അഭിപ്രായം പറഞ്ഞത്. ഗവർണർ ക്ഷണിച്ചപ്പോൾ മുഖ്യമന്ത്രി പോകേണ്ട കാര്യമില്ലായിരുന്നു. പോയത് കൊണ്ടാണല്ലോ ഈ വിവാദമൊക്കെ ഉണ്ടായത് എന്നായിരുന്നു കാനത്തിന്റെ പ്രസ്താവന.

ഈ അഭിപ്രായത്തോട് ശക്തമായ വിയോജിപ്പാണെന്ന് എസ്.രാമചന്ദ്രൻ പിള്ള മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ