കൊച്ചി: എഴുത്തുകാരന്‍ എസ്.ഹരീഷിനെതിരെ വധഭീഷണി മുഴക്കിയയാള്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവിനെയാണ് ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ എസ്.ഹരീഷിന്റെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് പരാതി. രാവിലെ മുതല്‍ നിരന്തരം വിളിച്ച് ഭീഷണി മുഴക്കിയിരുന്നു.

മാതൃഭൂമി ആഴ്‌ചപതിപ്പിൽ മീശ എന്ന നോവല്‍ എഴുതിയതോടെയായിരുന്നു എസ്.ഹരീഷിന് സംഘപരിവാർ സംഘടനകളുടെ ഭീഷണി ആരംഭിക്കുന്നത്.   തുടര്‍ന്ന് മൂന്ന് ലക്കം മാത്രം പ്രസിദ്ധീകരിച്ച  നോവല്‍ അദ്ദേഹം പിന്‍വലിച്ചു.  സമൂഹം നോവൽ വായിക്കാൻ പക്വത നേടുമ്പോൾ  പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പിൻവലിക്കൽ കുറിപ്പിൽ വ്യക്തമാക്കി.

നോവൽ പുസ്‌തകമാക്കി പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്ത് നടന്ന പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്‌മയിലാണ് ഇക്കാര്യം ഹരീഷ് വ്യക്തമാക്കിയത്.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കുകയാണെന്ന് കഥാകാരന്‍ എസ്.ഹരീഷ് തന്നെയാണ് അറിയിച്ചത്. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്നും. കുടുംബാഗങ്ങളെ അപമാനിക്കാന്‍ ശ്രമമുണ്ടെന്നും അദ്ദേഹം നോവൽ പിൻവലിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു.

അമ്പത് വർഷം മുമ്പുള്ള കേരളത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നോവൽ എഴുതിയിരിക്കുന്നത്. നോവലിൽ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ചാണ് സംഘപരിവാർ സംഘടനകൾ എഴുത്തുകാരനെതിരേ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. നോവലിസ്റ്റിന്‍റെ ഭാര്യയുടെ ചിത്രം സഹിതമായിരുന്നു പ്രതിഷേധക്കാരുടെ ആക്രമണം. സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ഹരീഷിനെതിരെ വാളെടുത്തവർ, ഹരീഷിന്റെ അമ്മയെയും ഭാര്യയെയും സഹോദരിമാരെയും മക്കളെയും  അസഭ്യവും അശ്ലീലവും കൊണ്ട് ആക്രമിക്കുന്നതാണ്  കേരളം കണ്ടത്.  ഹരീഷിനെ പിന്തുണച്ചവരെയും സോഷ്യൽ മീഡിയകളിലൂടെ സംഘപരിവാർ അനുകൂലികൾ ആക്രമിച്ചിരുന്നു.

ഹരീഷിനെ മർദ്ദിക്കുമെന്ന് ഒരു ബിജെപി നേതാവ് ചാനൽ ചർച്ചയിൽ​ വന്നിരുന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നോവൽ പ്രസിദ്ധീകരിച്ചിരുന്ന പ്രസിദ്ധീകരണത്തിന് നേരെയും ആക്രമണങ്ങളുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.